കോഴിക്കോട്: കൊച്ചി മെട്രോ ഉദ്ഘാടന വിവാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ഉദ്ഘാടനത്തിനായി തിക്കും തിരക്കും കൂട്ടുന്നവരെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലാണ് പ്രതികരിച്ചത്. താജ് മഹല്‍ കണ്ട് നാം അമ്പരക്കുന്നത് അതു നിര്‍മിച്ച ശില്‍പ്പികളെ ഓര്‍ത്താണ്. അല്ലാതെ അതു പണികഴിപ്പിച്ച ഷാജഹാനെ ഓര്‍ത്തല്ല. ഹൗറയിലെ പാലവും കുത്തബ് മിനാരവും പണിതുയര്‍ത്തിയത് തൊഴിലാളികളാണ്. അല്ലാതെ ഭരണാധികാരികളായിരുന്നില്ല.
ഏത് രാജാവാണു പണിയെടുത്തതെന്ന് ആര്‍ക്കുമറിയില്ല. പഞ്ചാബിലെ സുവര്‍ണക്ഷേത്രം പ്രഭ ചൊരിയുന്നത് അത് നിര്‍മിച്ച ശില്‍പ്പികളുടെ കരവിരുതിനാലാണ്. ഗോമാതേശ്വരന്റെ ഉയരം പോലെയാണത്. അങ്ങിനെ ചരിത്രത്തിലെമ്പാടും ശില്‍പമായും ക്ഷേത്രമായും ഗോപുരമായും പാലമായും നമ്മെ വിസ്മയിപ്പിക്കുന്നത് അതിനുപിന്നില്‍ പണിയെടുത്ത കൈകളാണ്. അല്ലാതെ, പെട്ടൊന്നുരുത്സവ ദിനമുണ്ടാക്കി അതിലേക്ക് ഇടിച്ചുകയറി വന്നു ഞെളിഞ്ഞു നിന്ന്, ”ഇതാ ഞാനിതുണ്ടാക്കി ജനങ്ങളായ നിങ്ങള്‍ക്ക് തരുന്നു…” എന്ന് വീമ്പടിക്കുന്ന ഭരണാധികാരികളല്ല.