X

വിധി താക്കീത്-എഡിറ്റോറിയല്‍

‘ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശ സുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമ വിരുദ്ധമാണ്. വിലക്കിന്റെ കാരണം പുറത്തു പറയാത്തത് നീതീകരിക്കാനാവില്ല. ദേശ സുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ല’. മീഡിയാ വണ്‍ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിധിപറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ പ്രസ്താവനയാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും വിയോജിക്കാനുള്ള അവകാശത്തിനും കൂച്ചുവിലങ്ങിട്ടു മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാറിന് രാജ്യത്തെ പരമോന്നത നീതി പീഠം നല്‍കിയ ശക്തമായ താക്കീതാണ് ഇന്നലെയുണ്ടായ വിധി പ്രസ്താവം. ദേശ സുരക്ഷയുടെ പേരില്‍ എന്തിനെയും നിരോധിക്കുകയും ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിച്ച് കല്‍തുറങ്കിലടച്ച് പുറംലോകം കാമിക്കാതിരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീയ പരിസരത്തു നിന്ന് നോക്കുമ്പോള്‍ സുപ്രീം കോടതി വിധി മോദി സര്‍ക്കാറിന് വ്യക്തമായ താക്കീതും രാജ്യത്തെ ജനങ്ങള്‍ക്ക് ശക്തമായ പ്രതീക്ഷയും നല്‍കുന്നു.

ജനാധിപത്യത്തിന്റെ ഒന്നും രണ്ടും തൂണുകളായ എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും പൂര്‍ണമായും വരുധിയിലായതിനാല്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധമായാണ് ഈ രണ്ടു വിഭാഗങ്ങളെയും മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊന്നും അവസരം നല്‍കാതെ ദോശചുട്ടെടുക്കുന്ന ലാഘവത്തോടെ ബില്ലുകള്‍ പാസാക്കിയെടുക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ പ്രതിപക്ഷത്തിന് നിഷേധിക്കുന്നു. ഭരണപക്ഷം തന്നെ സഭാ നടപടികള്‍ സ്തംഭിപ്പിക്കുകയും മന്ത്രിമാര്‍ പോലും പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യുന്ന, രാജ്യം ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്ത ജനാധിപത്യ ധ്വംസനങ്ങള്‍ക്കാണ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടുള്ള സമീപനം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി പറയാനുള്ള അവസരം നല്‍കാതിരിക്കുകയും ഒരു സെഷന്‍സ് കോടതിയുടെ വിധിയുടെ പേരില്‍ അദ്ദേഹത്തിന്റെ എം.പി സ്ഥാനം തട്ടിത്തെറിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

മൂന്നാം തൂണായ ജുഡീഷ്യറിക്കു നേരെയും ഭരണകൂടം തങ്ങളുടെ കരാള ഹസ്തങ്ങള്‍ നീട്ടിക്കൊണ്ടുകൊണ്ടിരിക്കുകയാണ്. പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്‍മാരെ നിശ്ചയിക്കാനുള്ള പരമ്പരാഗത രീതിയായ കൊളീജിയത്തിനു നേരെ സര്‍ക്കാര്‍ തിരിഞ്ഞത് ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിന്ന് വേണം വിലയിരുത്താന്‍. ജുഡീഷ്യറിയുടെ അന്തസത്ത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന ഈ നീക്കം ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സങ്കല്‍പങ്ങളെ തന്നെ അട്ടിമറിക്കാന്‍ പര്യാപ്തമാണ്. രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ കരുത്തുകൊണ്ടു മാത്രമാണ് സര്‍ക്കാറിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ പരമോന്നത നീതിപീഠത്തിന് സാധിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന വിശേഷണമുള്ള മാധ്യമങ്ങള്‍ക്കുനേരെയും ഇതേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും വരുതിയില്‍ നിര്‍ത്തുക എന്നതാണ് മാധ്യമങ്ങളുടെ കാര്യത്തിലുള്ള പുതിയ തന്ത്രം. ഈ തന്ത്രത്തിലൂടെ ഒട്ടുമിക്ക മാധ്യമങ്ങളെയും വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. അതിനു തയാറില്ലാത്തവരില്‍ പലരെയും സ്വന്തക്കാരെ ഉപയോഗിച്ച് വിലക്കെടുത്ത് നിശബ്ധമാക്കിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുക അല്ലെങ്കില്‍ ഈ പ്രവൃത്തി അവസാനിപ്പിക്കുക എന്ന സന്ദേശമാണ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചും മറ്റുരീതിയിലുള്ള പീഡനങ്ങളേര്‍പ്പെടുത്തിയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. ഈ കലുശിത സാഹചര്യത്തിലാണ് മീഡിയാ വണ്‍ നിരോധനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പ്രസക്തമാകുന്നത്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ മേലാണ് സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത് എന്ന മുന്നറിയിപ്പാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായിക്കണക്കാക്കി കല്‍തുറങ്കിലടക്കുന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നിലപാടിനെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഏതായാലും സുപ്രീകോടതിയുടെ ഈ വിധി വിമര്‍ശനങ്ങളോടുള്ള സര്‍ക്കാറിന്റെ അസഹിഷ്ണുതക്കുള്ള ശക്തമായ താക്കീതാണ്.

webdesk11: