എറണാകുളം: ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധിക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. കൊലപാതകികളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് കമാല്‍പാഷ കൊച്ചിയില്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനോടായിരുന്നു കമാല്‍പാഷയുടെ പ്രതികരണം.

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട. അത് നിരോധിക്കണം. വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നത് ആരായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. അഭിമന്യുവിന്റെ ഘാതകര്‍ക്ക് സമൂഹം യാതൊരു പിന്തുണയും കൊടുക്കരുത്. ആ ജീവനെടുത്ത ക്യാംപസ് ഫ്രണ്ടിനെ നിരോധിക്കുക തന്നെ വേണമെന്നും കമാല്‍ പാഷ പറഞ്ഞു.

അണികളെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ അവരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വലിച്ചിഴക്കരുത്. അഭിമന്യുവിന്റെ കൊലപാതകം മുസ്ലീം സമൂഹത്തിനേറ്റ കളങ്കമാണ്. കേസില്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ധമുള്ളതായി കരുതുന്നില്ലെന്നും, പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.