ഇരുണ്ട ആകാശത്തു വല്ലപ്പോഴും സൂര്യന്‍ എത്തിനോക്കുന്ന പോലെയാണ് ഇന്നലത്തെ സുപ്രീംകോടതി നിരീക്ഷണത്തെ നോക്കികാണാന്‍ കഴിയുക. അടുത്ത കാലത്ത് മിക്ക കോടതി തീരുമാനങ്ങളും നിയമ നടപടികളും ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തിലാണ് മറിച്ചൊരു നിരീക്ഷണം നീതിപീഠത്തില്‍ നിന്നുണ്ടായത്, ഇരുട്ടില്‍ പരന്ന പ്രകാശം പോലെ. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്ന് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രസക്തവും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിക്കാന്‍ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി. ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായി ‘അലോസരപ്പെടുത്തുന്ന’ പരാമര്‍ശങ്ങള്‍ നടത്തിയതാണ് രാജ്യത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് സുപ്രീംകോടതി അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത്.

വിലകുറഞ്ഞ പബ്ലിസിറ്റിയോ രാഷ്ട്രീയ അജണ്ടയോ നീചവൃത്തിയായോ കാണേണ്ടതാണ് നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ എന്നു സുപ്രീംകോടതി നിരീക്ഷിച്ചു. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ ക്ലബ് ചെയ്യണമെന്ന ശര്‍മയുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചത്.

ആ പരാമര്‍ശങ്ങള്‍ വളരെ അസ്വസ്ഥതയുളവാക്കുന്നതും അഹങ്കാരത്തിന്റെ പ്രകടനവുമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ട കാര്യമെന്താണ്. ആ സ്ത്രീ രാജ്യത്തോട് മാപ്പ് പറയണം, അവരും അവരുടെ എല്ലില്ലാത്ത നാക്കും രാജ്യം മുഴുവന്‍ തീയിടുന്ന പ്രവൃത്തിയാണ് ചെയ്തത്. ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കൊല്ലപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവം പോലും നൂപുര്‍ ശര്‍മ്മയുടെ ചെയ്തി കാരണമാണെന്നും കോടതി പറഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കാര്യം ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു നിര്‍ദ്ദേശമാണ്. ടൈംസ് നൗ ചാനലില്‍ നൂപുര്‍ ശര്‍മ്മ പങ്കെടുത്ത ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ നവിക കുമാറിനെതിരെയും കേസെടുക്കണമെന്ന നിര്‍ദ്ദേശമാണത്. ടൈംസ് നൗ ചാനലിലെ നവിക കുമാറാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കമായ ചാനല്‍ ചര്‍ച്ച നയിച്ചത്. ടൈംസ് നൗ പോലുള്ള ഒട്ടേറെ ചാനലുകള്‍ ദിവസേനെ നടത്തുന്ന പരിപാടികളിലൂടെയാണ് രാജ്യത്തെ വിദ്വേഷ പ്രചാരണം കനക്കുന്നതെന്ന് സുപ്രീംകോടതി കൂടി തിരിച്ചറിയുന്നു എന്നത് ഏറെ ആശ്വാസദായകമാണ്. ചാനലുകളില്‍ നിന്നും വമിച്ച വെറുപ്പിന്റെ അണുപ്രസരം കൂടിയാണ് ഈ ദാരുണമായ അവസ്ഥയിലേക്കു രാജ്യത്തെ എത്തിച്ചതെന്നു പറയാതെ വയ്യ. വെറുപ്പു പരത്താനും പരമതവിദ്വേഷം പറയാനും തല്‍പരരായവര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്ന ചാനലുകള്‍ക്കും അവതാരകര്‍ക്കുംകൂടി പങ്കാളിത്തമുള്ള സംഭവവികാസങ്ങളാണ് രാജ്യത്തിപ്പോള്‍ നടക്കുന്നതെന്നു ചുരുക്കം. രാഷ്ട്രീയ മേലാളന്മാരും മാധ്യമസ്ഥാപനങ്ങളുടെ ഉടമകളും അവതാരകരും ഇതില്‍ കുറ്റക്കാരാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം സുപ്രധാനമായ ഒന്നാണ്. പാലിക്കപ്പെട്ടാല്‍ രാജ്യത്തു സമാധാനം കൈവരാന്‍ സഹായിക്കുന്ന ഒന്ന്.