തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നു കോണ്‍ഗ്രസ് പ്രചാരണവിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. പകല്‍ കമ്യൂണിസം പ്രസംഗിക്കുകയും രാത്രി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ‘ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ തുരത്തുക’ എന്നീ മുദ്രാവാക്യം ഉയര്‍ത്തി പത്തനംതിട്ടയിലേക്ക് നടത്തുന്ന പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രദയാത്ര ഉദ്ഘാടനം ചെയ്തത്. ശബരിമല തീര്‍ഥാടനത്തിനു പൊലീസ് പാസ് വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും ബി.ജെ.പിയെ ശക്തിപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. പദയാത്ര 14ന് പത്തനംതിട്ടയില്‍ എത്തും. 15 നാണ് വിവിധ ജില്ലകളില്‍നിന്നുള്ള പദയാത്രകളുടെ സംഗമം.