എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം ആമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ കമല്‍. അടുത്തിടെ നടി വിദ്യ ബാലനുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ട കമല്‍ അതിന് ഒരു ദേശീയമാധ്യമത്തിലാണ് പ്രതികരണം നല്‍കിയിരിക്കുന്നത്.

ആമിയില്‍ വിദ്യ ബാലനെയായിരുന്നു തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ വെറും അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി അഭിനയിച്ചത്. ആമിയില്‍ വിദ്യ അഭിനയിക്കുകയാണെങ്കില്‍ കുറച്ചൊക്കെ ലൈംഗികത കടന്നുവരുമായിരുന്നുവെന്ന കമലിന്റെ പരാമര്‍ശം വിവാദമായിരുന്നു. കമലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. അതിന് വിശദീകരണം നല്‍കുകയാണ് കമല്‍.

‘വത്യസ്തമായ രണ്ട് സാഹചര്യങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരുമിച്ച് നല്‍കിയപ്പോള്‍ എല്ലാം വളച്ചൊടിക്കപ്പെട്ടതാണത്. ഒന്ന് മാധവിക്കുട്ടിയുടെ ലൈംഗികതയെ സംബന്ധിച്ചായിരുന്നു. മറ്റൊന്നു ഒരു എഴുത്തുകാരി എന്ന നിലയില്‍ മാധവിക്കുട്ടിയുടെ നിഷ്‌കളങ്കതയെ സംബന്ധിച്ചായിരുന്നു. ഈ രണ്ട് പരാമര്‍ശങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ മാധവിക്കുട്ടിയെ ഒരു ഗ്രാമീണ പെണ്‍കുട്ടിയായി ചിത്രീകരിച്ചു വെച്ചിരിക്കുകയാണെന്ന് പലരും വ്യാഖ്യാനിച്ചു. സത്യത്തില്‍ ഞാന്‍ ഉദ്ദേശിച്ചത് അതല്ല.

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയില്‍ അഭിനയിച്ച വിദ്യ ആയിരുന്നെങ്കില്‍ കാമാതുരമായ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. പക്ഷേ മഞ്ജുവിനുള്ളത് വ്യത്യസ്തമായ പ്രതിച്ഛായയാണ്. അതുകൊണ്ട് അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ എനിക്ക് പരിമിതികളുണ്ടായിരുന്നു. എന്നാല്‍ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ ഒരു പരിധിവരെ മഞ്ജു അത്തരം ചെറിയ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതും വൈകാരികത ഒട്ടും ചോര്‍ന്നു പോകാതെ.

വിദ്യ ആമിയില്‍ നിന്ന് ഇറങ്ങിപ്പോയത് തുടക്കത്തില്‍ വെല്ലുവിളിയായി. ഈ ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പലതും എന്റെ അറിവോട് കൂടിയല്ല. എന്തുകൊണ്ട് ആമി വേണ്ടെന്ന് വച്ചുതിനുള്ള കാരണം വിദ്യ എപ്പോഴെങ്കിലും പറയുമായിരിക്കും’ കമല്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.