റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ഭയപ്പെട്ടത് തന്നെ സംഭവിച്ചു… ഇന്നലെ എന്റെ കോളത്തില്‍ പറഞ്ഞത് പോലെ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും- ആധുനിക ഫുട്‌ബോളിലെ രണ്ട് അജയ്യരായ താരങ്ങള്‍ ലോകകപ്പില്‍ നിന്നും മടങ്ങിയിരിക്കുന്നു. പക്ഷേ വിജയിച്ചത് നല്ല ഫുട്‌ബോളാണ്. ഫ്രാന്‍സും ഉറുഗ്വേയും വിജയമര്‍ഹിച്ചവരാണ്. സുന്ദരമായ ഗെയിമിലൂടെ അര്‍ഹമായ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയവര്‍.

എവിടെയാണ് അര്‍ജന്റീനക്ക് പിഴച്ചത്…? ഫുട്‌ബോള്‍ ലോകം മുഴുവന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഞാന്‍ വിരല്‍ ചൂണ്ടുന്നത് കോച്ച് ജോര്‍ജ് സാംപോളിയിലേക്കാണ്. അര്‍ജന്റീനയുടെ ഐസ്‌ലാന്‍ഡിനെതിരായ ആദ്യ മല്‍സരം മുതല്‍ പിടികിട്ടാത്ത കാര്യമാണ്-എന്താണ് അദ്ദേഹത്തിന്റെ പ്ലാന്‍ എന്നത്്.. 90 ശതമാനവും ഉറപ്പാണ് അദ്ദേഹത്തിന്റെ പിടിപ്പില്ലായ്മയാണ് ടീമിനെ തകര്‍ത്തത്. ബാക്കി പത്ത് ശതമാനം ഡിഫന്‍സിന്റെയും ഗോള്‍ക്കീപ്പറുടെയും പിഴവുകളും….

32 പരിശീലകരുണ്ടായിരുന്നു ലോകകപ്പില്‍. ഭൂരിപക്ഷം പേരോടും വാര്‍ത്താ സമ്മേളനങ്ങളിലും മറ്റുമായി സംസാരിച്ചിരുന്നു. സ്വന്തം ടീമിനെക്കുറിച് വ്യക്തമായ കാഴ്ച്ചപ്പാട് എല്ലാവര്‍ക്കുമുണ്ട്. അവസാന നിമിഷം സ്പാനിഷ് ടീമിനെ പരിശീലിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഫെര്‍ണാണ്ടോ ഹിയാറോക്ക് പോലും. പക്ഷേ മെസിയെന്ന വിഖ്യാതനായ താരമുണ്ടായിട്ടും അദ്ദേഹത്തിന് അനുയോജ്യമായ, ടീമിന് അനുയോജ്യമായ ഒരു ഗെയിം പ്ലാനും സാംപോളിക്കുണ്ടായിരുന്നില്ല…
ഫ്രാന്‍സിനെതിരായ മല്‍സരത്തില്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍….. ലളിതമായി പറഞ്ഞാല്‍ പൊട്ടത്തരം. അതിന് ക്യാപ്റ്റനായ മെസി കൂട്ടും നിന്നു.

ടീമിന്റെ ഫസ്റ്റ് ഇലവന്‍ മുതല്‍ പ്രശ്‌നങ്ങളാണ്. ആരാണ് ഈ ഇലവനെ തീരുമാനിക്കുന്നത്-അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനോ അതോ കോച്ചോ…? അതല്ലെങ്കില്‍ മറഡോണയോ… ഒരു പരിശീലകന്‍ ആദ്യ ഇലവനെ ഒരു ദിവസം മുമ്പെങ്കിലും തന്നെ തീരുമാനിച്ചിരിക്കും. (ബ്രസീല്‍ കോച്ച് ടിറ്റേ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ലോകകപ്പ് ആദ്യ ഇലവനെ തീരുമാനിച്ചയാളാണ്) തന്‍രെ കോച്ചിംഗ് സ്റ്റാഫില്‍ നിന്നും വ്യക്തമായ ഫീഡ്ബാക്ക് സ്വീകരിച്ചായിരിക്കും അദ്ദേഹം ടീമിനെ തീരുമാനിക്കുക. സാംപോളിയിലെ പൊട്ടത്തരങ്ങള്‍ ഇവിടെയാണ് ആരംഭിക്കുന്നത്…. ഫെഡറേഷന് വേണ്ടി, തനിക്ക് വേണ്ടി അദ്ദേഹം ടീമിനെ തീരുമാനിച്ചു-യഥാര്‍ത്ഥ ടീം സ്്പിരിറ്റ് മറന്നു.

ഗോള്‍ക്കീപ്പറിലേക്ക് വരാം-റാമിറേ എന്ന ഗോള്‍ക്കീപ്പര്‍ എന്താണ് പിഴച്ചത്… ലോകത്തിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാള്‍. അദ്ദേഹം ലോകകപ്പ്് ക്യാമ്പിന് മുമ്പ് അഞ്ച് ദിവസത്തെ അവധി ചോദിച്ചു. മറ്റൊന്നിനുമല്ല-അല്‍പ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. പക്ഷേ ഫെഡറേഷന്‍ വഴങ്ങിയില്ല-കോച്ചാവട്ടെ മറുത്ത് പറഞ്ഞതുമില്ല. റാമിറേയുടെ ഭാര്യ ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യം പരസ്യമാക്കിയിരുന്നു. പകരം വന്ന ഒന്നാം ഗോള്‍ക്കീപ്പര്‍ വില്‍ഫ്രെഡോ കബലാരയുടെ കഥ നമ്മള്‍ കണ്ടു. മൂന്നാമനായിരുന്നു അര്‍മാനി-ഫ്രാന്‍സിനെതിരെ അദ്ദേഹത്തിന്റെ പിഴവുകള്‍ പകല്‍ പോലെ വ്യക്തമായി-ഡിഫന്‍സിന്റെ പോരായ്മകളും.

ഡിഫന്‍സിന്റെ ചുമതല മഷ്‌ക്കരാനോക്ക് നല്‍കിയിരുന്നെങ്കിലോ- അദ്ദേഹത്ത പോലെ ഒരു പോരാളി വേറെയില്ല. പക്ഷേ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ജോലി ഓട്ടോമെന്‍ഡിക്ക് നല്‍കി-ക്ഷുഭിതനാണ് ഓട്ടോമാന്‍ഡി. തുടക്കത്തിലേ അദ്ദേഹത്തിന്റെ പെരുമാറ്റംം പാളി. മാര്‍ക്കസ് റോജ വെറുതെ ആദ്യമേ മഞ്ഞ വാങ്ങി. ഇതോടെ ശക്തമായ പ്രതിസന്ധിയായി. റാഫേല്‍ വരാനെ എന്ന് ഫ്രഞ്ച് ഡിഫന്‍ഡറുടെ നിലപാട് കണ്ടാല്‍ മതി-എത്ര കൂളായാണ് അദ്ദേഹം നിലപാടുകള്‍ സ്വീകരിക്കുന്നത്.. മെസിയ അടുപ്പിച്ചില്ല ഫ്രഞ്ച് ഡിഫന്‍സ്. കടന്നുകയറ്റത്തിന് മെസി ശ്രമിച്ചതുമില്ല. സാംപോളിയുടെ മധ്യനിരയെന്നാല്‍ അത് പലപ്പോഴും എവര്‍ ബനേഗയാണ്. ആദ്യ മല്‍സരത്തില്‍ അദ്ദേഹം കളിപ്പിക്കാതിരുന്ന താരമാണ് ബനേഗയെന്നോര്‍ക്കണം. നൈജീരിയക്കെതിരെ മെസിക്ക് ഗോളിലേക്ക് പന്ത് നല്‍കിയത് വഴിയാണ് ബനേഗ കോച്ചിന്റെ സ്ഥിരം പട്ടികയില്‍ വന്നത്. ബനേഗ മികവ് ആവര്‍ത്തിച്ചു-പക്ഷേ പിന്തുണക്കാന്‍ സാംപോളി കാര്യമായി ആരെയും നല്‍കിയില്ല.

മുന്‍നിരയിലോ- പ്രധാന ചോദ്യം പൗളോ ഡിബാലെ തന്നെ. ലോകത്തിലെ മികച്ച ഒരു യുവതാരം ഇങ്ങനെ കാഴ്ച്ചക്കാരനായി ബെഞ്ചിലിരിക്കുക…എത്ര ദുരന്തമാണത്… സാംപോളി ഇതിന് പറയുന്ന ന്യായീകരണം മെസിയുടെ അതേ പൊസിഷനാണ് ഡിബാലെ കളിക്കുന്നത് എന്നാണ്. പക്ഷേ ഇതേ സാംപോളി ഒരേ പൊസിഷന്‍ കളിക്കുന്ന എയ്ഞ്ചലോ ഡി മരിയെയും കൃസ്റ്റിയന്‍ പാവോണിനെയും ഒരുമിച്ച് ഇറക്കിയില്ലേ…. ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന മാനുവല്‍ ലാന്‍സിനി എന്ന മധ്യനിരക്കാരന്‍ അവസാന ഘട്ടത്തില്‍ പരുകകില്‍ പുറത്തായപ്പോള്‍ പകരക്കാരനായി വിളിച്ച താരമയിരുന്നു എന്‍സോ പെരസ്. (ഇറ്റാലിയന്‍ ലീഗില്‍ കസറിയ ഇക്കാര്‍ഡിയെന്ന മധ്യനിരക്കാരനെ വിളിക്കാതെയാണ് സാംപോളി പകരക്കാരനായി പെരസിനെ വിളിച്ചത്) ഈ പെരസിനെ അദ്ദേഹം എല്ലാ മല്‍സരത്തിലും കളിപ്പിച്ചു എന്ന സത്യത്തിലുണ്ട് അദ്ദേഹത്തിന് ഒരു പ്ലാനിംഗും വ്യക്തമായി ഇല്ലായിരുന്നുവെന്ന്.

ലാന്‍സിനി മികച്ച മധ്യനിരക്കാരനായിരുന്നു. ഒരു പക്ഷേ സാംപോളിയുടെ പ്ലാനിംഗിലെ പ്രധാന കണ്ണി. അദ്ദേഹത്തിന്റെ പരുക്കില്‍ പകരമെത്തിയ ആള്‍ക്ക് ആദ്യ ഇലവനില്‍ അവസരമേകുമ്പോള്‍ മറ്റ് നല്ല താരങ്ങള്‍ കാഴ്ച്ചക്കാരുടെ പട്ടികയില്‍ വെറുതെ ഇരിക്കുന്നു. മെസിയെ സുന്ദരമായ നക്കാലെ കാണ്ടേ എന്ന ഫ്രഞ്ച് മധ്യനിരക്കാരന്‍ പൂട്ടി… ഫ്രാന്‍സിന്റെ വിജയത്തില്‍ കാണ്ടേയിലെ മധ്യനിരക്കാരന്റെ ഇടപെടലുകള്‍ നോക്കുക. പോള്‍ പോഗ്ബ എത്രമാത്രം കൂളായി കളിച്ചു-അദ്ദേഹം ഫ്രാന്‍സിന്റെ മൂന്നാം ഗോളിലേക്ക് മാപ്പേക്ക് നല്‍കിയ പന്ത് നോക്കുക. കൈലിയന്‍ മാപ്പെയിലെ സ്‌ട്രൈക്കറുടെ വേഗത പരിശോധിക്കുക-ഫ്രാന്‍സ് വളരെ കൂളായി കളിച്ചു. ദെഷാംപ്‌സിലെ നായകന്‍ ക്ഷുഭിതനായിരുന്നില്ല-നയതന്ത്രമെന്നത് അദ്ദേഹം പ്രാവര്‍ത്തികമാക്കി. ഗ്രിസ്മാനെയും മാപ്പെയെയും സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു… ഏതെങ്കിലും ഒരു പരിശീലകന്‍ കാണിക്കുമോ അത്തരത്തിലൊരു ധൈര്യം…. അദ്ദേഹത്തിന് സ്വന്തം താരങ്ങളെ അറിയാം. മെസിയെ കളത്തില്‍ പിന്‍വലിക്കുമോ സാംപോളി…? ഒരിക്കലും ഇല്ല… അതിന് മാത്രമുള്ള ധൈര്യം കോച്ചിനില്ല. കാരണം അദ്ദേഹം ഫെഡറേഷന്റെ കോച്ചാണ്. ടീമിന്റെ കോച്ചല്ല. മെസിയിലെ പ്രതിഭയെ അളക്കാന്‍ അദ്ദേഹം ഇന്നലെ അഗ്യൂറോക്ക് നല്‍കിയ ആ മൂന്നാം ഗോള്‍ പാസ് മാത്രം മതി…. ഒരു ടച്ചിലുടെ തന്റെ കരുത്ത് തെളിയിക്കാന്‍ കഴിയും മെസിക്ക്. പക്ഷേ മെസിക്കൊപ്പം വണ്‍ ടു വണ്‍ കളിക്കാന്‍ എന്ത് കൊണ്ട് ഡിബാലേയെ ഇറക്കിയില്ല……മെസി എന്ത് കൊണ്ട് ഡിബാലേക്കായി വാദിച്ചില്ല. അത് മെസിയുടെ മഹാ പിഴവ്.
ചോദ്യങ്ങള്‍ പലതുമുണ്ട്. പക്ഷേ ടീം പുറത്തായിരിക്കുന്നു. സങ്കടമുണ്ട് മെസിയോടും ഡിബാലേയോടും….മെസിക്ക് ധാരാളം അവസരങ്ങള്‍ കിട്ടി. ഡിബാലേയോ-കാഴ്ച്ചക്കാരനായി. ഡിബാലേയെ പോലെ യുവരക്തമുളള മാപ്പേയെ നോക്കു- അദ്ദേഹം വരവറിയിച്ചു. സുന്ദരമായ രണ്ട് ഗോളുകള്‍. മാപ്പേ, കാണ്ടേ, പോഗ്ബ, ബ്ലെയിസെ മറ്റൗഡി എന്നിവരെയെല്ലാം ഏത് എതിരാളികളും പേടിക്കണം.

ഉറുഗ്വേ പോര്‍ച്ചുഗലിനെതിരെ മനോഹരമായാണ് കളിച്ചത്. എഡ്ഗാര്‍ കവാനിയിലെ മുന്‍നിരക്കാരനെയും അദ്ദേഹത്തിന് കലവറയില്ലാതെ പന്ത് നല്‍കുന്ന സുവാരസിനെയും അഭിനന്ദിക്കണം. കവാനിയിലെ അവസരവാദി അനുഭവസമ്പന്നനാണ്. അദ്ദേഹത്തിന്റെ രണ്ട് ഗോളും അത്യുഗ്രനായിരുന്നു- ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനുള്ള വെല്ലുവിളി.

സാന്‍ഡോസിലെ പരിശീലകന്‍ കേമനായിരുന്നു-പക്ഷേ അര്‍ജന്റീനയുടെ കാര്യത്തില്‍ മെസിയെക്കുറിച്ച് പറഞ്ഞത് പോലെയാണ് കൃസ്റ്റിയാനോയുടെ കാര്യത്തിലും. മെസി പന്ത് കിട്ടുമ്പോള്‍ മാത്രം ചലിക്കുമ്പോള്‍ എവിടെയുമെത്തി പന്ത് സ്വീകരിച്ച് തന്റെ ടീമിന് വേണ്ടി സ്വയം സമര്‍പ്പിച്ചിരുന്നു കൃസ്റ്റിയാനോ. ആ ആരോഗ്യവും സമര്‍പ്പണവും മറ്റാര്‍ക്കുമില്ല. അവസാനത്തില്‍ അദ്ദേഹം മടങ്ങുന്നത് കണ്ടപ്പോള്‍ അറിയാതെ കണ്ണ് നനഞ്ഞു…. ഒരു ലോകമാണ് ആ പോവുന്നത്… കാല്‍പ്പന്തിനെ ജീവ വായുവാക്കിയ അനേകലക്ഷം മനസ്സുകളുടെ കണ്ണിലെ കൃഷ്ണമണി… വിമര്‍ശകര്‍ക്ക് പലതും പറയാം-പക്ഷേ മെസിയും കൃസ്റ്റിയാനോയും പോയതോടെ ഈ ലോകകപ്പിന്റെ ജീവന്‍ പോയിരിക്കുന്നു… സത്യം. സ്വന്തം വീട് വിറ്റ്് ലോകകപ്പിനെത്തുന്നവരാണ് അര്‍ജന്റീനയിലെ സാധാരണക്കാര്‍. അവരുടെ വേദന കാണുമ്പോള്‍, ആ അലമുറ കാണുമ്പോള്‍ അതും സഹിക്കാനാവുന്നില്ല.

ഇന്ന് സ്‌പെയിനും റഷ്യയും. വ്യക്തമായ സാധ്യത കാളപ്പോരിന്റെ നാട്ടുകാര്‍ക്ക് തന്നെ. ഡെന്മാര്‍കകിനെ നേരിടുന്ന ക്രോട്ടുകാരും ശക്തരാണ്. സ്‌പെയിനും ക്രൊയേഷ്യയും ജയിക്കുമെന്നാണ് ഇന്നത്തെ എന്റെ വിലയിരുത്തല്‍