ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനുവിനെതിരെ വിവാദ പരാമര്‍ശവുമായി നടി കങ്കണ റണാവത്ത്. നൂറു രൂപ കൊടുത്താല്‍ പ്രതിഷേധത്തില്‍ മുഖം കാണിക്കുന്ന സ്ത്രീയാണ് അവര്‍ എന്നാണ് കങ്കണ ആരോപിച്ചത്.

‘ഹഹഹ, അതിശക്തയായ ഇന്ത്യന്‍ വനിതയായി ടൈം മാഗസിനില്‍ ഇടം പിടിച്ച അതേ ദാദി. അവരെ നൂറു രൂപയ്ക്ക് കിട്ടും. ഇന്ത്യയ്ക്ക് വേണ്ടി പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകര്‍ അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സിനെ ഹൈജാക്ക് ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ നമ്മുടെ തന്നെ ആളുകളാണ് വേണ്ടത്’ – എന്നാണ് നടി ട്വീറ്റ് ചെയ്തത്.

എന്നാല്‍ ട്വീറ്റിന് ഒപ്പം ബില്‍ക്കീസ് ബാനുവിന് പകരം പഞ്ചാബ് ബതിന്‍ഡയിലെ കര്‍ഷക മൊഹിന്ദര്‍ കൗറിന്റെ ചിത്രമാണ് കങ്കണ പോസ്റ്റ് ചെയ്തത്. കൗറിനെ ദീദിയാക്കിയായിരുന്നു നടിയുടെ പരിഹാസം. ട്വീറ്റ് വിവാദമായതോടെ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ അഭിഭാഷകനായ ഹകം സിങ് നടിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴു ദിവസത്തിന് അകം മാപ്പു പറയണം, അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരും എന്നാണ് നോട്ടീസില്‍ പറയുന്നത്.

കങ്കണയ്‌ക്കെതിരെ മൊഹിന്ദര്‍ കൗറും രംഗത്തെത്തി. തന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നടി എങ്ങനെയാണ് തന്നെ നൂറു രൂപയ്ക്ക് കിട്ടുമെന് പറയുക എന്ന് അവര്‍ ചോദിച്ചു. കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയിരുന്ന അവര്‍ ദബ്‌വാലി അതിര്‍ത്തിയില്‍ വച്ച് പ്രായാധിക്യം മൂലമുള്ള അവശതകള്‍ കാരണം തിരിച്ചു പോകുകയായിരുന്നു.