അപകടം പറ്റി റോഡില്‍ കിടന്ന് മരിക്കുന്നവരിലധികവും രക്തംവാര്‍ന്ന് മരണത്തിന് കീഴടങ്ങുന്നവരാണ്. അപകടം നടക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടുമെങ്കിലും ആസ്പത്രിയിലെത്തിക്കാനോ രക്ഷിക്കാനോ ആരും മെനക്കെടാറില്ല. ചിലര്‍ ചിത്രങ്ങളെടുത്ത് സന്തോഷിക്കും. മറ്റു ചിലര്‍ വെറും കാഴ്ച്ചക്കാരാവും. മനുഷ്യത്വം മരവിച്ച ഇത്തരം സാഹചര്യങ്ങളില്‍ നിന്നുള്ള മോചനത്തിന് മാതൃകയാക്കേണ്ട ഒന്നാണ് സിനിമാ താരം കനിഹ ചെയ്തിരിക്കുന്നത്. അപകടം പറ്റിയയാളെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു നടി. താരം തന്നെയാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

20915252_1650984501641041_6577821564365020206_n

മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടുവരുമ്പോഴായിരുന്നു സംഭവമെന്ന് കനിഹ പറയുന്നു. കണ്‍മുന്നില്‍ രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പ്രായത്തിലുള്ളൊരാള്‍ റോഡിലേക്ക് തെറിച്ച് വീണു. കാലൊടിഞ്ഞ അയാള്‍ രക്തത്തില്‍ കുളിച്ചു. ഈ സമയത്ത് താനൊന്നും ആലോചിച്ചില്ല. വേഗം അയാളെ തന്റെ കാറില്‍ കയറ്റി ആസ്പത്രിയിലെത്തിച്ചുവെന്ന് കനിഹ പറയുന്നു. വീട്ടുകാരേയും പോലീസിനേയും പിന്നീടറിയിക്കുകയും ചെയ്തുവെന്ന് താരം കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ പ്രവൃത്തി ഏറെ പ്രശംസനീയമാണ്. ഇത്തരം സാഹചര്യങ്ങളില്‍ തിരിഞ്ഞുനോക്കാതെ പോകുന്നവരില്‍ ഒരാള്‍ക്കെങ്കിലും മാറ്റമുണ്ടാകണമെന്ന ചിന്തയാണ് ഇക്കാര്യം കുറിക്കാന്‍ കാരണമെന്ന് കനിഹ വ്യക്തമാക്കി.