സാമൂഹിക മാധ്യമങ്ങളിലൂടെ ഹാദിയയുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ പിതാവ് അശോകന്‍ പരാതി നല്‍കി. വീട്ടില്‍ അനുവാദമില്ലാതെ അതിക്രമിച്ച് കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ മാതാപിതാക്കളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഫോട്ടോ എടുത്തത്. പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ലൗ ജിഹാദ് ടേപ്പെന്ന് ട്വിറ്ററില്‍ പ്രചരിപ്പിച്ച വീഡിയോയില്‍ അമ്മ സംസാരിക്കുന്നതിനോടൊപ്പം ഹാദിയയേയും പിറകില്‍ നിന്ന് കാണാന്‍ കഴിയുന്നുണ്ട്. ഈ ജീവിതമാണോ തനിക്കെന്നാണ് ഹാദിയ ചോദിക്കുന്നത്. ഹാദിയ അമ്മയെ മതംമാറ്റാന്‍ ശ്രമിക്കുന്നതായും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നുണ്ട്.
ാേ
കോടതിവിധികളുടെ ലംഘനമാണ് രാഹുല്‍ ഈശ്വര്‍ നടത്തിയതെന്ന് നേരത്തെ അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിവാഹം റദ്ദു ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നു മാസമായി പോലീസ് കാവലില്‍ വീട്ടില്‍ കഴിയുകയാണ് ഹാദിയ. സുപ്രീംകോടതി ഉത്തരവു പ്രകാരം എന്‍.ഐ.എ അന്വേഷണമാണ് ഹാദിയ കേസില്‍ നടക്കുന്നത്.