തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വിവാദ പരാമര്‍ശം. ഇതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

പ്ലാന്‍ ബി പ്രകാരം ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്‌ലാറ്റിലെത്തി രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമര്‍ശമാണ് രാഹുല്‍ ഈശ്വര്‍ നടത്തിയത് എന്ന് നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് രക്തം ചിന്താനുള്ള പദ്ധതി മറ്റ് ചിലര്‍ക്കായിരുന്നു എന്നും താന്‍ ഇടപെട്ട് അതുതടയുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിച്ചു.