മാഡ്രിഡ്: എല്‍ ക്ലാസിക്കോക്ക് ഇനി കേവലം രണ്ട് നാള്‍. നാളെ കഴിഞ്ഞ് മറ്റന്നാള്‍ ഇന്ത്യന്‍ സമയം വൈകീട്ട് മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടക്കുന്ന പോരാട്ടം ആസ്വദിക്കാന്‍ ലോക ഫുട്‌ബോള്‍ കാത്തിനില്‍ക്കുമ്പോള്‍ റയല്‍ മുന്‍നിരക്കാരന്‍ കരീം ബെന്‍സേമ ഇന്നലെ ധൈര്യത്തോടെ പറഞ്ഞു-ജയിക്കും ഞങ്ങള്‍. കരീമിന് ഇന്നലെ പ്രാധാന്യമുളള ദിവസമായിരുന്നു. ഫ്രഞ്ച് മുന്‍നിരക്കാരന് ഇന്നലെ മുപ്പത് വയസ്സ്. ലോക ഫുട്‌ബോളില്‍ ശ്രദ്ധേയമനായ മുന്‍നിരക്കാരന് 2021 വരെ റയലില്‍ കരാറുണ്ട്. അതിനാല്‍ നിറമുള്ള സ്വന്തം കരിയറില്‍ ഒരു എല്‍ക്ലാസിക്കോ ഗോള്‍ അദ്ദേഹം സ്വപ്‌നം കാണുന്നുണ്ട്. സ്വന്തം സ്‌റ്റേഡിയത്തില്‍ അത് നേടാന്‍ കഴിഞ്ഞാല്‍ വലിയ സന്തോഷമാവുമെന്നും മിതഭാഷിയായ അദ്ദേഹം പറഞ്ഞു. ഇന്നലെ തിരക്കേറിയ പരിശീലനത്തില്‍ നിന്നും റയല്‍ കരീമിന് അവധി നല്‍കിയിരുന്നു. സ്വന്തം വീട്ടില്‍ ബെര്‍ത്ത്‌ഡേ ആഘോഷിക്കാന്‍. സഹതാരങ്ങളില്‍ പലരുമെത്തി ആഘോഷത്തിന്. പക്ഷേ അപ്രതീക്ഷിത അതിഥിയെ പോലെ കരീമിന് ഒരു സന്ദേശം കിട്ടി- സാക്ഷാല്‍ മൈക്ക് ടൈസണ്‍ എന്ന ബോക്‌സിംഗ് ഇതിഹാസത്തിന്റെ. 51 കാരനായ ടൈസണ്‍ ലാസ്‌വെഗാസില്‍ നിന്നുമാണ് തന്റെ സുഹൃത്തിന് സന്ദേശമയച്ചത്-ഡിയര്‍ കരീം, ഹാപ്പി ബെര്‍ത്ത്് ഡേ, ഇനിയും ധാരാളം കാലം ജീവിക്കുക. ഇതായിരുന്നു സന്ദേശം.
ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. മാര്‍ക്ക പത്രത്തിന് ഇന്നലെ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് ബെര്‍ണബുവിലെ ജയം അഭിമാനമാണെന്നാണ്. കാണികളോട് ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. അവരെ നിരാശപ്പെടുത്തില്ല. ഇവിടെ തോറ്റാല്‍ ലാലീഗ കിരീടം അടിയറവ് വെക്കുന്നതിന് തുല്യമാവുമത്. അതിനാല്‍ ഏറ്റവും മികച്ച പോരാട്ടം നടത്തും-നായകന്‍ പറഞ്ഞു.