മാണ്ഡ്യ: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബി.ജെ.പി താലൂക്ക് ഓഫീസ് നേരം ഇരുട്ടി വെളുത്തപ്പോള്‍ കോണ്‍ഗസ് ഓഫീസായി മാറി.

മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ നാടായ മദ്ദൂരില്‍ എസ്.എം കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ നിരവധി പ്രവര്‍ത്തകര്‍ ബി.ജെ.പിയിലെത്തിയിരുന്നു. എന്നാല്‍ കൃഷ്ണക്ക് ബി.ജെ.പി യാതൊരു സ്ഥാനവും കല്‍പിക്കാതായതോടെയാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഭൂരിപക്ഷം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്കു മാറിയതോടെ ബി.ജെ.പി ഓഫീസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസാക്കി മാറ്റുകയും ചെയ്തു. മദ്ദൂര്‍ ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് ലക്ഷ്മണനും ഏതാനും പ്രവര്‍ത്തകരും കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.