ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കര്‍ണാകട തെരഞ്ഞെടുപ്പിനെ ചൊല്ലി ചൂടിയേറിയ സംവാദങ്ങള്‍ നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടികാഴ്ച.


കഴിഞ്ഞ ദിവസങ്ങളില്‍ സിദ്ധരാമയ്യയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ അരങ്ങേറിയിരുന്നു. ബിജെപിയും ആര്‍എസ്എസും ഹിന്ദുത്വ തീവ്രവാദികളെന്നായിരുന്നു സിദ്ധരാമയ്യുടെ പരാമര്‍ശം. കര്‍ണാകട സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്നു ഷാ തിരിച്ചടിച്ചു. ഗൗരവമല്ലാത്ത വിഷയങ്ങള്‍ ബിജെപി ഉന്നയിക്കുകയാണെന്നും ഹിന്ദുത്വ ബിജെപിയെ സംബന്ധിച്ച വിഷയമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. നരേന്ദ്രമോദിയും യോഗി ആദിത്യനാഥും അമിത് ഷായും എല്ലാം ഇതേ വിഷയങ്ങള്‍ ഉന്നയിക്കുന്നവരാണ്.
ഏപ്രിന്‍-മെയ് മാസങ്ങളിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ നീച് എന്ന് വിളിച്ച മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നു നീക്കം ചെയ്തിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്.
സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലാത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സന്തുഷ്ടനാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. പ്രകടനപട്ടികയില്‍ പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ കഴിഞ്ഞതായും സിദ്ധരാമയ്യ വ്യക്തമാക്കി. ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്ത മാസം 10-12 തീയതികളില്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡോ. ജി പരമേശ്വര പരഞ്ഞു.