ലഖ്‌നൗ: കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുരാഗ് തിവാരി (36)യുടെ മൃതദേഹം ലഖ്‌നൗവിലെ റോഡരികില്‍. ഹസ്രത്ത്ഗഞ്ചിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള റോഡരികിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ജഡം ലഖ്‌നൗ പൊലീസ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് ബഹ്‌റൈച്ച് സ്വദേശിയായ അനുരാഗ് തിവാരി കര്‍ണാടക കേഡറില്‍പ്പെട്ട 2007 ബാച്ചംഗമായിരുന്നു. മരണത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമം നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

കവിളില്‍ കണ്ട മുറിവ് ഒഴിച്ചാല്‍ മറ്റൊരു മുറിവും കണ്ടെത്താനായിട്ടില്ലെന്ന് ഹസ്രത്ത്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദ് കുമാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് സമീപം ജഡം കണ്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് പൊലീസ് സ്റ്റേഷനിലേക്ക ഫോണ്‍കോള്‍ വരുന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ജഡം പരിശോധിക്കവെയാണ് അനുരാഗ് തിവാരിയുടെ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചത് -പൊലീസ് പറയുന്നു.
2007 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുരാഗ് തിവാരി. തന്റെ ബാച്ചില്‍ത്തന്നെയുള്ള പ്രഭു നരേയ്‌നും തിവാരിയോടൊപ്പം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. താന്‍ നന്നേ രാവിലെ ബാഡ്മിന്റണ്‍ കളിക്കാനായി പുറത്തുപോകുമ്പോള്‍ അനുരാഗ് കിടക്കയിലില്ലായിരുന്നുവെന്നും മുറി പൂട്ടി താക്കോല്‍ റിസപ്ഷനില്‍ കൊടുത്തേല്‍പ്പിച്ചാണ് താന്‍ പോയതെന്നും പ്രഭു പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി അനുരാഗ് കുമാര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് വ്യക്തമാക്കി.