ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളിക്കെതിരെ ലൈംഗിക പീഡന ആരോപണം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ദൃശ്യങ്ങള്‍ പുറത്ത്. യുവതിയും കുടുംബവും ബെംഗളൂരു പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കും.

സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനേശ് കല്ലഹള്ളി സിറ്റി പൊലീസ് കമ്മിഷണര്‍ കമല്‍ പന്തിനെ സമീപിച്ച് രമേശ് ജാര്‍ക്കിഹോളിക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കല്ലഹള്ളി ആരോപിച്ചു.

ഒരു മാസം മുന്‍പ്, ബെംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. ഇതിന്റെ വിഡിയോ യുവതി റെക്കോര്‍ഡുചെയ്തുവെന്ന് അറിഞ്ഞ ശേഷം, മന്ത്രി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.