ശരീഫ് കരിപ്പൊടി

കാസര്‍കോട്: ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഴയ ചൂരി ഇസത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും ജുമാ മസ്ജിദ് മുഅദ്ദിനുമായ സുള്ള്യയിലെ റിയാസിനെ (28) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആശുപത്രി, സ്‌കൂള്‍ മറ്റു അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുന്നുള്ളൂ.

കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം, പുതിയ ബസ്റ്റാന്റ്, അണങ്കൂര്‍, ഉളിയത്തടുക്ക, ചെര്‍ക്കള എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നതിനെച്ചൊല്ലി തര്‍ക്കങ്ങളിലുണ്ടായി. മിക്കയിടങ്ങളിലും പോലീസ് നോക്കി നില്‍ക്കെയും വാഹനങ്ങള്‍ തടഞ്ഞു. പുതിയ ബസ്റ്റാന്റ് പരിസരത്ത് വാഹനങ്ങള്‍ തടയുന്നവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.

അതേസമയം പള്ളി മുഅദ്ദിന്റെ കൊലപാതകത്തിലെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇനിയും മുക്തമായിട്ടില്ല. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയുള്ള തല്‍പര കക്ഷികളുടെ കരങ്ങളാണോ കൊലക്ക് പിന്നിലെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ക്കായി പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഉത്തരമേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട്ട് ക്യാമ്പ്ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

അതേസമയം, പരിയാരത്ത് നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സുള്ള്യയിലേക്ക് തന്നെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. കാസര്‍കോട്ടേക്ക് മൃതദേഹം കൊണ്ടുവരുന്നത് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കുമെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സുള്ള്യയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നേരിട്ട് സുള്ള്യലേക്ക് കൊണ്ടുപോകാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് റിയാസ് മൗലവി പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടത്. 11.30ഓടെ പള്ളി പരിസരത്ത് ശബ്ദകോലാഹലങ്ങള്‍ കേട്ട് അടുത്ത മുറിയിലായിരുന്ന ഖത്തീബ് അസീസ് മൗലവി വാതില്‍ തുറന്നപ്പോഴാണ് ഒരു സംഘം അക്രമംനടത്തുന്നതായി അറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും പരിസരവാസികള്‍ ഓടിക്കൂടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് റിയാസ് മൗലവിയെ പള്ളിയില്‍ ചോര വാര്‍ന്നുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പഴയ ചൂരി ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ ഏഴു വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു റിയാസ്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇയാള്‍ക്ക് ഏതെങ്കിലും ശത്രുക്കള്‍ ഉള്ളതായി ആര്‍ക്കും അറിയില്ല. അതേ സമയം, മുന്‍വൈരാഗ്യമോ ഏതെങ്കിലും ഗൂഢലക്ഷ്യത്തിന്റെ പേരിലാകാം കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.