യുണൈറ്റഡ് നാഷണ്‍സ്: ഇന്ത്യാ-പാക് വിഷയത്തില്‍ അമേരിക്ക ഇടപെടുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലെ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിക്കി ഹാലെ പറഞ്ഞു. രക്ഷാസമിതി പ്രസിഡണ്ട് പദവി ഏറ്റെടുത്ത ശേഷം യു.എന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യാ-പാക് വിഷയത്തില്‍ ഇടപെടില്ലെന്ന അമേരിക്കയുടെ മുന്‍ നിലപാടില്‍നിന്നുള്ള മാറ്റമാണ് നിക്കി ഹാലെയുടെ വാക്കുകളില്‍ തെളിയുന്നത്.
”ഇന്ത്യാ-പാക് സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ അമേരിക്ക സ്വന്തം സ്ഥാനം കണ്ടെത്തും. എന്തെങ്കിലും സംഭവിക്കും വരെ കാത്തിരിക്കാനാവില്ല. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനാകും. ഇന്ത്യാ-പാക് ബന്ധം ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതില്‍ യു.എസിന് ആശങ്കയുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളെയും ഒരുമിച്ചിരുത്താന്‍ സാധ്യമായ എല്ലാ നീക്കവും നടത്തും. കശ്മീര്‍ വിഷയത്തില്‍ രണ്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വളരുന്നത് കാണാന്‍ യു.എസ് ആഗ്രഹിക്കുന്നില്ല”- ട്രംപ് ഭരണകൂടത്തിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജ കൂടിയായ നിക്കി ഹാലെ വ്യക്തമാക്കി.
കശ്മീര്‍ വിഷയം ഇന്ത്യയുടെയും പാകിസ്താന്റെയും ആഭ്യന്തര കാര്യമാണെന്നും ഒരു രാജ്യങ്ങളും ഒരുമിച്ച് ആവശ്യപ്പെട്ടാലല്ലാതെ വിഷയത്തില്‍ ഇടപെടില്ലെന്നുമായിരുന്നു ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള മുന്‍ യു.എസ് ഭരണകൂടത്തിന്റെ നിലപാട്.
ഇന്ത്യാ-പാക് വിഷയത്തില്‍ യു.എന്‍ ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷികളുടെ ഇടപെടലിനെ തുടക്കം മുതല്‍ ഇന്ത്യയും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം യു.എസില്‍ അധികാരത്തിലേറിയതോടെ കശ്മീര്‍ വിഷയത്തിലുള്ള നിലപാട് അവര്‍ മാറ്റുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വാര്‍ത്ത. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇന്ത്യാ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Be the first to write a comment.