Connect with us

Video Stories

കശ്മീരില്‍ കുളം കലക്കുന്ന ഗവര്‍ണര്‍

Published

on

ജമ്മുകശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട് വഴിവിട്ട രാഷ്ട്രീയക്കളിക്ക് കച്ചമുറുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. കൂടുതല്‍ പക്വത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ നെറികെട്ട രാഷ്ട്രീയ പക്ഷപാതം കാണിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം മര്യാദകേടായിപ്പോയി. സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ്, പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള വിശാല മുന്നണി അവകാശമുന്നയിച്ചതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗിതത്തിനുതുള്ളുന്ന ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ പരിപാവനമായ പാരമ്പര്യത്തെ കുഴിച്ചുമൂടുകയാണ് ചെയ്തത്. അപ്രായോഗിക സഖ്യത്തിന് സുസ്ഥിരമായ സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്ന ഗവര്‍ണറുടെ വിചിത്രവാദം രാജ്യത്തു നാളിതുവരെ ഒരു ഗവര്‍ണറില്‍നിന്നു കേട്ടുകേള്‍വിയില്ലാത്തതാണ്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമെന്ന കാരണം നിരത്തി ഭരണകൂടത്തെ പിരിച്ചുവിട്ട ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയകാര്യ ദൂതനെ പോലെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അനധികൃതവും ഭരണഘടനാവിരുദ്ധവുമായ രീതിയാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അവലംബിച്ചിട്ടുള്ളത്. കശ്മീരില്‍ രാഷ്ട്രീയ അസ്വസ്ഥത രൂക്ഷമാകുന്നതിനപ്പുറം അവിടത്തെ സാമൂഹിക സാഹചര്യങ്ങളുടെ തീക്ഷ്ണതകൂടി മനസിലാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. നൈമിഷിക രാഷ്ട്രീയ നേട്ടത്തിനപ്പുറം നൈതികമായ ഒരു സാമൂഹിക പ്രതിഫലനവും ഇത്തരം വികലമായ തീരുമാനങ്ങള്‍ക്ക് പ്രദാനം ചെയ്യാനാവില്ല. ഭരണഘടനാവ്യവസ്ഥിതിയോട് പൂര്‍ണമായും പ്രതിബദ്ധത പുലര്‍ത്തേണ്ട സംസ്ഥാന തലവനില്‍നിന്നു ഇത്തരം അപക്വമായ രാഷ്ട്രീയ ‘കസേരക്കളി’ അരങ്ങേറിയത് അപകടകരവും ആത്മഹത്യാപരവുമാണ്. ആശയപരമായി വിരുദ്ധ നിലപാടുകളുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്നത് ജമ്മുകശ്മീരിലെ സുരക്ഷാസാഹചര്യങ്ങള്‍ക്ക് അനുകൂലമാകില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ ബി.ജെ.പിക്ക് വളംതെളിച്ചതാണെന്ന കാര്യം തീര്‍ച്ചയാണ്. കുത്തഴിഞ്ഞ അവസ്ഥയില്‍നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന വാദം നിരത്തി സ്വയം പുണ്യാളനായി അവതരിച്ച ഗവര്‍ണര്‍ ഫെഡറല്‍ സംവിധാനത്തിലെ അപഹാസ്യ കഥാപാത്രമായി അധ:പതിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു അണിയറയില്‍ തിരക്കിട്ട നീക്കം നടത്തുന്ന ബി.ജെ.പിക്ക് അരങ്ങത്ത് അവസരമൊരുക്കുന്നതിനുള്ള കൗശലമായി മാത്രമേ പ്രബുദ്ധ ജനത ഇതിനേ കാണൂ.
കഴിഞ്ഞ ആറുമാസമായി നിയമസഭ പിരിച്ചുവിടാത്ത ഗവര്‍ണര്‍, വിശാല സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനായി അവകാശവാദം ഉന്നയിച്ച് അഞ്ചു മിനിറ്റിനകമാണ് സഭ പിരിച്ചുവിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ രൂപീകരണകാര്യം അറിയിക്കേണ്ടതെന്ന മുടന്തന്‍ ന്യായവും അദ്ദേഹം നിരത്തിയിരിക്കുകയാണ്. ബി.ജെ.പിയെ തള്ളി സംയുക്ത സര്‍ക്കാര്‍ നീക്കവുമായി പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ധാരണയായതുമുതല്‍ തന്നെ ബി.ജെ.പി ക്യാമ്പുകളില്‍ അസ്വസ്ഥത പുകഞ്ഞിട്ടുണ്ട്. 44 സീറ്റുകള്‍ ഉറപ്പിക്കുന്നവര്‍ക്ക് ഭരണം ഉറപ്പാക്കാമെന്നിരിക്കെ ഇതിന്റെ സാധ്യതകള്‍ തെളിഞ്ഞുവന്നതാണ് ഗവര്‍ണറെ ഇത്തരം കടുംകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചത്. വിശാല സഖ്യത്തിന്റെ മന്ത്രിസഭാ രൂപീകരണം ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കുന്നതിന് തടസമാകുമെന്ന ഭയമാണ് ഗവര്‍ണറെ അലോസരപ്പെടുത്തിയത്. ആറു മാസത്തോളമായി കേന്ദ്രഭരണം നടക്കുന്ന കശ്മീരില്‍ കരകയറാന്‍ അമിത്ഷാ കളിക്കുന്ന കളിയുടെ ‘മാച്ച് വിന്നര്‍’ റോളാണ് ഗവര്‍ണര്‍ നിര്‍വഹിച്ചതെന്നര്‍ത്ഥം. പി.ഡി.പിക്ക് ഇരുപത്തൊമ്പതും കോണ്‍ഗ്രസിന് പന്ത്രണ്ടും നാഷണല്‍ കോണ്‍ഫറന്‍സിന് പതിനഞ്ചും അംഗങ്ങളുള്ള നിയമസഭയില്‍ വിശാല സഖ്യത്തിന് സമയം വൈകിയതാണ് ബി.ജെ.പിക്ക് പ്രതീക്ഷ പകര്‍ന്നത്. പഴയ രാഷ്ട്രീയ സാഹചര്യത്തില്‍ പൂര്‍ണമായും മാറാന്‍ പി.ഡി.പി മനസുവെച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംയുക്ത കക്ഷിനീക്കം ബി.ജെ.പിയെ ദോഷകരമായി ബാധിക്കുമെന്നു കേന്ദ്ര നേതൃത്വത്തിന് നന്നായറിയാം. അതുകൊണ്ടാണ് ‘അറ്റകൈ’ പ്രയോഗത്തിന് അമിത്ഷാ ഗവര്‍ണറെ തന്നെ കൂട്ടുപിടിച്ചത്.
ജനാധിപത്യം കാലഹരണപ്പെട്ടതായി ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍ക്ക് തോന്നിത്തുടങ്ങിയെന്നാണ് ഇവ്വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. രാജ്യത്ത് നിലവിലുള്ള ജനാധിപത്യരീതി മാറിയെന്നും ഗുജറാത്ത് മാതൃകയിലുള്ള ഭരണമാണ് എല്ലായിടങ്ങളിലും നടപ്പിലാക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഗവര്‍ണറുടെ പുതിയ നീക്കമെന്നുമാണ് മുന്‍ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചത്. പ്രതിപക്ഷ വിമര്‍ശത്തേക്കാളുപരി ഏറെ അര്‍ത്ഥതലങ്ങളുള്ള രാഷ്ട്രീയ നിരീക്ഷണമായി കാണേണ്ട വാക്കുകളാണിത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരം പിടിക്കാന്‍ ഗവര്‍ണര്‍മാരെ ദുരുപയോഗം ചെയ്തത് രാജ്യം കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം ജമ്മു കശ്മീരില്‍ സത്യപാല്‍ മാലികിന്റെ ‘നാടക’ത്തേയും കാണാന്‍. വിശാല സഖ്യം അവസരവാദമാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്? ഭരണഘടന അനുധാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്ക് അനുസൃതമായി സഖ്യമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. അതിന്റെ സാധ്യതയും സാംഗത്യവും സാഹചര്യങ്ങളും അറിയുന്ന കക്ഷികള്‍ തന്നെയാണ് ജമ്മു കശ്മീരിലും ഇത് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി ധാര്‍മികതയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും സകല സീമകളും അതിലംഘിച്ച് കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കിയ കഥകള്‍ ഒരാവര്‍ത്തി വായിച്ചാല്‍ ജമ്മു കശ്മീരിലെ ഗവര്‍ണര്‍ക്കും ഇക്കാര്യം നന്നായി ബോധ്യപ്പെടും. പരസ്യമായി രാഷ്ട്രീയപക്ഷം നിന്നുവെന്നു മാത്രമല്ല, ബി.ജെ.പി വക്താവിനെ പോലെ സംസാരിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ ജനാധിപത്യത്തിനുതന്നെ നാണക്കേടാണ്. രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ടുവെന്നുകണ്ടപ്പോഴാണ് ഗവര്‍ണര്‍ ബി.ജെ.പി ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് നടപ്പാക്കുന്നത്. ഏറ്റവും വലിയ കൂട്ടുകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്-പി.ഡി.പി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ അംഗബലമുണ്ടായിരുന്നു. 56 പേരുടെ പിന്തുണയുണ്ടെന്ന് കാട്ടി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് ഫാക്‌സ് സന്ദേശം അയക്കുകയും ചെയ്തിരുന്നു. തന്റെ ഫാക്‌സ് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് മെഹ്ബൂബ പിന്നീട് കത്ത് ട്വീറ്റ് ചെയ്തതും രാജ്യം കണ്ടതാണ്. നിയമസഭ പിരിച്ചു വിടുന്നതിന്മുമ്പ് സംസ്ഥാനത്തെ സാഹചര്യം കേന്ദ്രവുമായി ഗവര്‍ണര്‍ ചര്‍ച്ച ചെയ്തിരുന്നു. ജനാധിപത്യത്തെയും അതിന്റെ രക്ഷാകവചമായ ഭരണഘടനയെയും പിച്ചിച്ചീന്തി ഇത്തരം നെറികേടുകളിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്കു ദാസ്യവേല ചെയ്യുന്ന ഗവര്‍ണര്‍മാരാണ് നാളെയുടെ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. അതിന്റെ അവസാന അടയാളമാണ് സത്യപാല്‍ മാലിക്.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending