മലയാളത്തിലെ പുതിയ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനെ തേടി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഋത്വിക് റോഷന്‍. നാദിര്‍ഷാ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സാക്ഷാല്‍ ഋത്വിക് റോഷന്റെ സിനിമയെക്കുറിച്ചുള്ള അന്വേഷണം. സിനിമാ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

തന്റെ പേരില്‍ മലയാളത്തിലിറങ്ങിയ പുതിയ ചിത്രത്തെക്കുറിച്ച് ഋത്വിക് അന്വേഷിച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഋത്വിക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനെ അദ്ദേഹം അറിയുന്നത്. എന്നാല്‍ മുംബൈയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം താരം കാണുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഋത്വിക് റോഷന്‍ ഈ സിനിമ തീര്‍ച്ചയായും കണ്ടിരിക്കണമെന്നും ആരാധകര്‍ പറയുന്നു.

അമര്‍ അക്ബര്‍ ആന്റണിക്ക് ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപും ഡോ സക്കറിയ തോമസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍