ശ്രീനഗര്‍: ജമ്മു കശ്മീരിലെ മച്ചല്‍ മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു മൃതദേഹം വികൃതമാക്കിയ നിലയിലാണ്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് വ്യക്തമാക്കി.

മച്ചലില്‍ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തല്‍ ദൗത്യത്തിലുള്ള സൈനിക സംഘത്തിനു നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. പരസ്പരമുള്ള വെടിവെപ്പില്‍ സൈനികര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെപ്പറ്റി സൈന്യം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.

ഇന്നു രാവിലെ ബന്ദിപുര ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഇവരില്‍ നിന്ന് 2000 രൂപയുടെ നോട്ടുകളും ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു.