പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റെ ഭാര്യ നീനുവിന് പിന്തുണ അറിയിച്ച് തമിഴ്‌നാട്ടില്‍ ദുരഭിമാന കൊലക്കിരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍.
നീനുവിന്റെയും കെവിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എന്നും അവള്‍ക്കൊപ്പമുണ്ടാകുമെന്നും കൗസല്യ ശങ്കര്‍ പറഞ്ഞു.

‘കോയമ്പത്തൂരിലാണെങ്കിലും നീനുവിന്റെയും കെവിന്റെയും വാര്‍ത്തകള്‍ ഞാന്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. നീനു പൊട്ടികരയുന്നത് വീഡിയോയിലൂടെ കണ്ടു. ഞാനും അവളും ഒന്നാണെന്ന് തോന്നി. ഞാനും അവളുടെ അതേ അവസ്ഥയിലൂടെ കടന്നുപോയതാണ്. ആ കുട്ടിയുടെ കരച്ചില്‍ എനിക്ക് കണ്ടു നില്‍ക്കാനായില്ല. കുഞ്ഞുമുഖവും ഇളം പ്രായവുമുള്ള അവളോട് സ്വന്തം കുടുംബത്തിന് എങ്ങനെ ഇത്തരമൊരു ക്രൂരത ചെയ്യാന്‍ സാധിച്ചു? കെവിന്‍ എന്ന ആ യുവാവിനെ എങ്ങനെ സമൂഹത്തിന് കൊന്നുതള്ളാന്‍ തോന്നി എന്ന് എനിക്ക് അറിയില്ല. സാമ്പത്തിക സ്ഥിതിയും ജാതിയുമായിരുന്നു ഞങ്ങളുടെ വിവാഹത്തിനും തടസ്സമായത്. ഈ സംഭവത്തിലും അതു തന്നെയായിരുന്നു. നീനുവിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. എന്നും നീനുവിനൊപ്പമുണ്ടാകും’, കൗസല്യ പറഞ്ഞു.

ദൂള്‍ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കൗസല്യയുടെ പ്രതികരണം.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യയെ വിവാഹം ചെയ്തുവെന്ന കുറ്റത്തിനാണ് ഉദുമല്‍പേട്ട സ്വദേശിയായ ദളിത് യുവാവ് ശങ്കര്‍ കൊല്ലപ്പെട്ടത്.

പട്ടാപകല്‍ നടുറോഡിലിട്ടാണ് ശങ്കറിനെ കൗസല്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നത്. 2016 മാര്‍ച്ച് 13നായിരുന്നു സംഭവം. തേവര്‍ വിഭാഗത്തില്‍പ്പെട്ട കൗസല്യയുമായി പഠനക്കാലത്താണ് ശങ്കര്‍ പ്രണയത്തിലായത്.

ശങ്കറിന്റെയും കൗസല്യയുടെയും വിവാഹ ചിത്രം

വിവാഹശേഷം ജാതി പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ കൗസല്യയുടെ വീട്ടുകാര്‍ ശങ്കറിനെ കൊല്ലാന്‍ വാടക കൊലയാളികളെ ഏല്‍പ്പിച്ചു. ഇരുവും ഉദുമല്‍പേട്ടയില്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആസൂത്രിതമായ കൊല നടന്നത്. ശങ്കര്‍ തല്‍ക്ഷണം മരിച്ചു. കൗസല്യയുടെ തലക്ക് ആഴത്തില്‍ വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൗസല്യയുടെ പിതാവ് ചിന്നസ്വാമി, അമ്മ അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ, ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേര്‍ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി. ചിന്നസ്വാമി ഉള്‍പ്പെടെ ആറു പേര്‍ക്ക് വധശിക്ഷക്ക് കോടതി വിധിക്കുകയും ചെയ്തു.

വെട്ടേറ്റതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കൗസല്യ

ശങ്കറിന്റെ വേര്‍പ്പാടിനു പിന്നാലെ ആത്മഹത്യയെന്ന തീരുമാനത്തിലേക്ക് വരെ എത്തിയതായി കൗസല്യ പറയുന്നു. എന്നാല്‍ അംബേദ്കറുടെയും പെരിയാറിന്റെയുമെല്ലാം ആശങ്ങള്‍ സ്വാധീനിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ പ്രേരിപ്പിച്ചു.

ജാതിക്കെതിരായ പോരാടണമെന്ന് തോന്നിയെന്നും ആ രീതിയിലാണ് ഇപ്പോള്‍ തന്റെ പ്രവര്‍ത്തനമെന്നും കൗസല്യ പറഞ്ഞു. കെവിന്റെ ഭാര്യ നീനുവിനും തന്നെ പോലെ കരുത്താര്‍ജ്ജിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും കൗസല്യ പറഞ്ഞു.