പ്രതിരോധ നിര താരം ഹര്‍മന്‍ജോത് ഖബ്ര ബ്ലാസ്റ്റേഴ്‌സില്‍. 2023 വരെയാണ് താരത്തിന്റെ കരാര്‍. വിവരം ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്താം നമ്പര്‍ ജഴ്‌സിയിലാണ് താരം കളിക്കുക. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന ഖബ്രയ്ക്ക് ഏറെ നാളത്തെ മത്സരപരിചയമുണ്ട്. ഏറ്റവും അധികം ഐഎസ്എല്‍ മത്സരം കളിച്ച താരങ്ങളില്‍ നാലാമതാണ് ഖബ്ര.

2006ല്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയുടെ യൂത്ത് ലീഗിലൂടെ കരിയര്‍ ആരംഭിച്ച താരത്തെ 2006-07 സീസണില്‍ ഐലീഗ് ടീമായ സ്പോര്‍ട്ടിങ് ഗോവ സ്വന്തമാക്കി. ഇതായിരുന്നു ആദ്യ പ്രൊഫഷണല്‍ കരാര്‍. സീസണിലെ ഡ്യുറന്റ് കപ്പില്‍ ഏറ്റവും മികച്ച ഭാവി താരമായി ഖബ്ര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009-10 ഐലീഗ് സീസണില്‍ ഈസ്റ്റ് ബംഗാളിലെത്തി. 7 വര്‍ഷങ്ങള്‍ക്കു ശേഷം, 2014ല്‍ താരം ചൈന്നൈയിന്‍ എഫ്‌സിയിലെത്തുകയും ക്ലബിന്റെ കിരീട നേട്ടങ്ങളിലടക്കം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2018-19 സീസണില്‍ ബെംഗളൂരുവിലേക്ക് ചേക്കേറിയ താരം വീണ്ടും ബെംഗളൂരുവിനൊപ്പം കിരീടമുയര്‍ത്തി.