അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റിലേക്ക്. ഐ.എസ്.എല്‍ അഞ്ചാം സീസണിന് മുന്നോടിയായുള്ള ടീമിന്റെ അവസാന വട്ട സന്നാഹങ്ങള്‍ ഇവിടെ വെച്ചായിരിക്കും. സെപ്തംബര്‍ രണ്ടിന് തായ്‌ലാന്റിലേക്ക് തിരിക്കുന്ന ടീം 23ന് തിരിച്ചു വരും. വിവിധ ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരത്തിനിറങ്ങും. സെപ്തംബര്‍ 29നാണ് ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ഐ.എസ്.എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുഡൈറ്റഡ്, ബാങ്കോക്ക് യുണൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല. ലാലിഗ പ്രീസീസണിന് മുന്നോടിയായി അഹമ്മദാബാദിലായിരുന്നു ടീമിന്റെ പരിശീലനം. 31 അംഗ സ്‌ക്വാഡാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 11 മലയാളികള്‍ താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളുമുണ്ട്. സെര്‍ബിയന്‍ പ്രതിരോധ താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റൊജാനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്ലാനിക് എന്നിവര്‍ പുതുതായി എത്തിയപ്പോള്‍ കിസിറ്റോ, ലാകിച് പെസിച്, പെകൂസണ്‍ എന്നീ വിദേശ താരങ്ങളെ നിലനിര്‍ത്തി. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്. ഐ.എസ്.എലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കാനുള്ള ശ്രമമാണ് ഡേവിഡ് ജെയിംസിന്റേത്.
ഇതിന്റെ ഭാഗമായി ലാലിഗ മത്സരത്തില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയിരുന്നു. ഇതേ നയം തായ്‌ലാന്റിലും കോച്ച് തുടരാനാണ് സാധ്യത. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. ആദ്യ മത്സരത്തില്‍ എ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ലാലിഗ ടീമായ ജിറോണ എഫ്.സിയോട് അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാലിഗയില്‍ റയലിനെ വിറപ്പിച്ച ജിറോണയോട് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുകൂട്ടുന്നത്. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമടക്കം ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന മികച്ച പ്രതിരോധ നിരയാണ് ടീമിന് നിലവിലുള്ളത്. പുതുതായി ടീമിലെത്തിയ യുവതാരം മുഹമ്മദ് റാക്കിപ്പും പ്രതീക്ഷയുള്ള താരമാണ്. ആക്രമണം ലക്ഷ്യമിട്ട് ടീമിലെത്തിയ സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക് എന്നീ വിദേശ താരങ്ങളിലും ടീമിനും ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു വിദേശ താരത്തെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. ഈ ഒഴിവിലേക്ക് ഒരു ബോക്‌സ് ടു ബോക്‌സ് താരത്തെയാണ് ടീം നോട്ടമിടുന്നത്.
ലാലിഗ വേള്‍ഡില്‍ മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം പ്രകടമായിരുന്നു. തായ്‌ലാന്റ് പര്യടനത്തിന് മുമ്പ് ടീമിലെ ഏഴാം വിദേശ താരമായി അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍റായ മാര്‍ട്ടിന്‍ പെരെസ് ഗിഡസ് ടീമിലെത്തിയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചില്ല.