തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിത അനുഭവിക്കുന്നവര്‍ക്കായി സമഗ്രമായ നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ അംഗീകാരം. ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമഗ്രനഷ്ടപരിഹാരം നല്‍കുന്ന പാക്കേജിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ടവര്‍ക്ക് പ്രഖ്യപിച്ച തുക ഇരട്ടിയാക്കി. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വിവിധ ഫണ്ടുകളിലൂടെയായി 20 ല്ക്ഷം രൂപ ലഭിക്കും. സമഗ്രമായ നഷ്ടപരിഹാര പാക്കേജിന് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തി.

ഓഖി ദുരന്തം കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍, ആകെയുണ്ടായ നഷ്ടം, കേന്ദ്രത്തില്‍ നിന്ന് ചോദിക്കേണ്ട സഹായം എന്നിവയും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. അതോറിട്ടി ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ റവന്യൂ മന്ത്രിയുമാണ്.

വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് ജീവനോപാധി നല്‍കും. മരിച്ചവരുടെ ഉറ്റവര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ദുരന്തത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് പഠനസഹായം നല്‍കും.

ദുരിത ബാധിതരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി. കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും.

അതേസമയം, ദുരിതം സംബന്ധിച്ച മുന്നറിയിപ്പില്‍ മുഖ്യമന്ത്രി ്തൃപതി പ്രകടിപ്പിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 30 ന് രാവിലെ നല്‍കിയ അറിയിപ്പില്‍ ന്യൂനമര്‍ദ്ദം, അതി ന്യൂനമര്‍ദ്ദമാകുമെന്ന് മാത്രമേ, ഉണ്ടായിരുന്നുള്ളു. ഉച്ചക്ക് 12നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയത്. ഇത് ലഭിച്ച 5 മിനിട്ടിനുള്ളില്‍ എല്ലായിടത്തേക്കും സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പും പോയി. ചുഴലി മുന്നറിയിപ്പ് ലഭിച്ചയുടന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര ദുരന്ത നിവാരണ മാര്‍ഗരേഖ പ്രകാരം തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മുഴുവന്‍ സേനാ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ബസപ്പെട്ട് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.