Connect with us

Video Stories

ഹാജിമാര്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി

Published

on

 
സ്വന്തം ലേഖകന്‍
നെടുമ്പാശ്ശേരി
സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ വെള്ളിയാഴ്ച്ച നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി.മദീനയിലെ താമസ സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായില്ലെന്ന് ഹാജിമാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര ഹജ്ജ് മിഷന്റെ പ്രവര്‍ത്തനം തികച്ചും നിരുത്തരവാദപരമായിരുന്നെന്നാണ് ഹാജിമാരുടെ പരാതി.മദീന പള്ളിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു തങ്ങള്‍ക്ക് താമസ സ്ഥലം ലഭിച്ചതെന്നും,പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ എത്തുമ്പോള്‍ അവിടെ നിന്നും ബോട്ടിലുകളില്‍ സംസം വെള്ളം ശേഖരിച്ച് റൂമില്‍ കൊണ്ടുവന്നാണ് തങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും ഇടുക്കി സ്വദേശി ഹംസ പറഞ്ഞു.സംസ്ഥാനത്ത് നിന്നുള്ള 1800 ഓളം തീര്‍ഥാടകര്‍ക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്.മൂന്ന് പേര്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യമുള്ള മുറിയില്‍ എട്ടും ഒന്‍പതും പേര്‍ താമസിക്കേണ്ടി വന്നുവെന്നും,ഇത്തരം നാല് റൂമുകള്‍ക്ക് ഒരു ബാത്ത്‌റൂം വീതമാണ് ഉണ്ടായിരുന്നതെന്നും ആലപ്പുഴ അരൂക്കുറ്റി സ്വദേശി ഹബീബ് പറഞ്ഞു.മക്കയിലും മദീനയിലും ഡ്യൂട്ടിയിലുള്ള കേന്ദ്ര ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരില്‍ മലയാളികള്‍ ആരും തന്നെ ഇല്ലാതിരുന്നത് മൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ഹിന്ദിക്കാരായ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പൂച്ചാക്കല്‍ സ്വദേശി അബൂബക്കര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും ഹാജിമാരോടൊപ്പം യാത്രയായിരുന്ന വളണ്ടിയര്‍മാരില്‍ പലര്‍ക്കും ഹിന്ദിയോ അറബിയോ വശമില്ലാതിരുന്നത് മൂലം ഹാജിമാരുടെ പരാതികള്‍ ബന്ധപ്പെട്ടവരെ ധരിപ്പിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും മടങ്ങിയെത്തിയ ഹാജിമാര്‍ പരാതിപ്പെട്ടു.ഭാവിയില്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ ഭാഷ വശമുള്ളവരെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ട കേന്ദ്ര ഹജ്ജ് മിഷന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും,കേന്ദ്ര ഹജ്ജ് കോഓര്‍ഡിനേറ്റര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിക്കും ഹാജിമാര്‍ പരാതി നല്‍കിയിട്ടുണ്ട്.ഗുരുതരമായ വീഴ്ച്ചയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും മുതവഫിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending