കൊച്ചി: ഒക്‌ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളില്‍ ഉണ്ടായ വീഴ്ചക്ക് കേരള ഫുട്‌ബോള്‍ അസോസിയേഷനെ കുറ്റപ്പെടുത്തി ഗ്രേറ്റര്‍ കൊച്ചി ഡവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ). ഐഎസ്എലിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ ആരോപിച്ചു.

ലോകകപ്പിനായി കഴിഞ്ഞ രണ്ടര വര്‍ഷമായി കലൂര്‍ സ്റ്റേഡിയത്തില്‍ തയാറെടുപ്പുകള്‍ നടത്തി വരികയാണ്. സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാലാണ് സെമിഫൈനല്‍ മല്‍സരം കൊച്ചിക്കു നഷ്ടപ്പെട്ടതെന്നാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ വാര്‍ത്ത. എന്നാല്‍ കൊച്ചിയില്‍ സെമിഫൈനല്‍ മത്സരമോ ഫൈനല്‍ മത്സരമോ ഫിഫ വാഗ്ദാനം ചെയ്തിരുന്നില്ല.

കഴിഞ്ഞ നവംബറില്‍ മൈതാനം പരിശോധിച്ച ഘട്ടത്തില്‍ കൊച്ചിയില്‍ സെമിഫൈനല്‍ നടക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ഒന്നും ആലോചിച്ചിട്ടില്ലെന്നായിരുന്നു അന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. മെയ് 15 നുള്ളില്‍ തന്നെ കളിയുമായി ബന്ധപ്പെട്ട് ഫിഫയുടെ നിര്‍ദേശമനുസരിച്ചുള്ള മുഴുവന്‍ നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച്ച പ്രഖ്യാപിച്ച ലോകകപ്പ് മത്സര വേദികളുടെ പട്ടികയില്‍ കേരളത്തിന് പ്രധാന മത്സരങ്ങളുടെ വേദി ഫിഫ അനുവദിച്ചിരുന്നില്ല. ആറു സ്റ്റേഡിയങ്ങളില്‍ പരിശോധന നടത്തിയ ശേഷമായിരുന്നു ഫിഫയുടെ ഷെഡ്യൂള്‍ പ്രഖ്യാപനം. ഫൈനലിന് കൊല്‍ക്കത്തയെ തെരഞ്ഞെടുത്തപ്പോള്‍ ഗുവാഹത്തിക്കും മുംബൈക്കുമായിരിന്നു സെമി ഫൈനല്‍ മത്സരങ്ങള്‍ അനുവദിച്ചത്. ഐ.എസ്.എലിലെ റെക്കോഡ് കാണികളുടെ പശ്ചാത്തലത്തില്‍ പ്രധാന മത്സരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന കൊച്ചിക്ക് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് പുറമേ ഒരു പ്രീക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടര്‍ മത്സരവും മാത്രമാണ് അനുവദിച്ചത്.

മറ്റു വേദികളെല്ലാം അതിവേഗം രാജ്യം ആദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ ലോക ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങിയപ്പോള്‍ ഗുരുതരമായ വീഴ്ച്ചയാണ് മുഖ്യ സ്റ്റേഡിയത്തിന്റെയും പരിശീലന സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരും അനുബന്ധ വകുപ്പുകളും വരുത്തിയത്. ഇതേ തുടര്‍ന്ന് സ്റ്റേഡിയം സന്ദര്‍ശനത്തിനിടെ രൂക്ഷമായ ഭാഷയില്‍ പ്രാദേശിക സംഘാടകരെ താക്കീത് ചെയ്ത സംഘം മെയ് 15 വരെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തു തീര്‍ക്കാന്‍ സമയം നീട്ടി നല്‍കിയിട്ടുണ്ട്.