അലഹാബാദ് (യു.പി.): ഡോ. കഫീല്‍ ഖാന്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ജയില്‍മോചിതനായി. അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ഖാനെ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)ചുമത്തി ജയിലിലടച്ചത്. എന്നാല്‍ കഫീല്‍ഖാനെ ഉടന്‍ വിട്ടയക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഖാന്റെ മാതാവ് നുസ്രത് പര്‍വീണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി.

രാത്രി 11 മണിക്ക് പുറത്തിറങ്ങിയ ഉത്തരവിനെത്തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് മധുര ജയിലില്‍ നിന്ന് ഖാന്‍ പുറത്തിറങ്ങിയത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഖാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്താണ് അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് അദ്ദേഹത്തിനു ശിക്ഷവിധിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മര്‍ഹറും ജസ്റ്റിസ് സുമിത്ര ദയാല്‍ സിങ്ങും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ശിക്ഷ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു.

പൗരത്വനിയമവുമായി ബന്ധപ്പെട്ട് 2019 ഡിസംബര്‍ 12ന് അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഖാന്‍ അറസ്റ്റിലായത്. പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതല്ല എന്നു പറഞ്ഞ് അദ്ദേഹത്തിന് കോടതി ജാമ്യമനുവദിച്ചിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.