ലഖ്‌നൗ: ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് നിവൃത്തിയില്ലാതെ വൃക്ക വില്‍പനക്കുവെച്ച് യുവകര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ ചട്ടാര്‍ സലി ഗ്രാമവാസിയായ രാംകുമാറാണ് തന്റെ വൃക്കകളിലൊന്ന് വില്‍പനക്ക് വെച്ചിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകളെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല.

പ്രധാനമന്ത്രി കൗശല്‍ വികാസ് പദ്ധതിപ്രകാരം ക്ഷീര കര്‍ഷക പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട് രാംകുമാര്‍. ഇതിന്റെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമെല്ലാം ഹാജരാക്കി വിവിധ പൊതുമേഖലാ ബാങ്കുകളെ സമീപിച്ചെങ്കിലും ആരും വായ്പ നല്‍കാന്‍ തയ്യാറായില്ല.

കന്നുകാലികളെ വാങ്ങുന്നതിനും ഷെഡ് പണിയുന്നതിനുമായി ബന്ധുക്കളില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ പലിശയടക്കം തിരിച്ചടക്കേണ്ടതുണ്ട്. വൃക്ക വില്‍ക്കുകയല്ലാതെ ഈ പണം തിരിച്ച് കൊടുക്കാന്‍ തനിക്ക് മറ്റൊരു വഴിയുമില്ലെന്നും രാംകുമാര്‍ പറഞ്ഞു.

വൃക്ക വില്‍പനക്കുണ്ടെന്ന് കാണിച്ച് രാംകുമാര്‍ പട്ടണങ്ങളിലും മറ്റു പൊതുയിടങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.