മലപ്പുറം: കിഫ്ബി പദ്ധയില്‍ പി.ഉബൈദുല്ല എം.എല്‍.എയുടെ ഇടപെടലില്‍ കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്‍. മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാന വികസനം വര്‍ധിപ്പിക്കുന്നതാണ് പദ്ധതികളിലധികവും. ഏറ്റവും കൂടുതല്‍ ഫണ്ട് കിഫ്ബിയില്‍ ലഭിച്ചിട്ടുള്ളത് കോട്ടപ്പടി ഫ്‌ളൈ ഓവറിനാണ്. 89 കോടി രൂപയാണ് ഈ പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക വനിതാ കോളജിന് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.3 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് എം.എല്‍.എ ഇടപെട്ട് കിഫ്ബിയില്‍ 10 കോടി രൂപ കൂടി നേടിയത്. മലപ്പുറം സബ് രജിസ്ട്രാര്‍ ആപ്പീസ് നിര്‍മിക്കുന്നതിന് രണ്ട് കോടി കിഫ്ബിയില്‍ നേടിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം ഗവ.കോളജിന് വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 5.04 കോടിയും മണ്ഡലത്തിന് ലഭിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ പൂര്‍ത്തിയായിട്ടുണ്ട്.

പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.സ്, എം.എസ്.പി സ്‌കൂള്‍ എന്നിവടങ്ങളില്‍ കിഫ്ബി പദ്ധതിയില്‍ മൂന്ന് കോടി രൂപ വീതം ചെലവിട്ട് അടിസ്ഥാന സൗകര്യമൊരുക്കി. കെട്ടിട നിര്‍മാണമടക്കം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുകയാണ്. അഞ്ച് കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന മലപ്പുറം ഗവ. ഗേള്‍സ് സ്‌കൂളില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര, ജി.വി.എച്ച്.എസ്.സ് പുല്ലാനര്‍, ജി.വി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എം.യു.പി.എസ് ഒഴുകൂര്‍ എന്നീ സ്‌കൂളുകള്‍ക്കും കിഫ്ബിയില്‍ മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. ജി.യു.പി.എസ് പന്തല്ലൂര്‍, ജി.എം.യു.പി.എസ് അരിമ്പ്ര, ജി.എം.യു.പി.എസ് ഇരുമ്പുഴി, ജി.എം.യു.പി.എസ് ചെമ്മങ്കടവ്, ജി.എം.യു.പി.എസ് മേല്‍മുറി എന്നീ സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പി.ഉബൈദുല്ല എം.എല്‍.എ പറഞ്ഞു.