പ്യോങ്യാങ്: സാമ്പത്തിക വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കടുത്ത വിമര്‍ശനം. പവര്‍ പ്ലാന്റും ബാഗ് ഫാക്ടറിയും ഹോട്ടലും ഹോളിഡേ റിസോര്‍ട്ടുമാണ് കിം സന്ദര്‍ശിച്ചത്. ജോലികള്‍ സമയോചിതമായി പൂര്‍ത്തിയാക്കാത്തതും വൃത്തിഹീനമായ അന്തരീക്ഷങ്ങളും അദ്ദേഹത്തെ ചൊടിപ്പിച്ചു. ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ചാണ് പല സ്ഥലങ്ങളില്‍നിന്നും കിം മടങ്ങിയത്. പവര്‍ പ്ലാന്റിന്റെ ജോലി 70 ശതമാനം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. പ്ലാന്റിലെ ബാത്ത്ടബുകള്‍ ഫിഷ് ടാങ്കുകളെക്കാള്‍ അഴുക്കുപുരണ്ട് കിടക്കുന്നത് കിമ്മിനെ ഞെട്ടിച്ചു.

ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം ദീര്‍ഘകാലമായി സാമ്പത്തിക വികസനത്തിലും ഉത്തരകൊറിയ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. കിമ്മിന്റെ സന്ദര്‍ശന വിവരങ്ങളും ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശങ്ങളും ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മുന്‍ പുറത്തുവിട്ടു. ആദ്യമായാണ് വ്യവസായ ശാലകളിലെ സന്ദര്‍ശനത്തിനിടെ കിം ഉദ്യോഗസ്ഥരോട് പരുഷമായി പെരുമാറുന്നത്. സാധാരണ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുകയാണ് പതിവ്. വികസന പദ്ധതികളുടെ പുരോഗതിയില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെ അലംഭാവം കാട്ടിയതിന് മന്ത്രിസഭാംഗങ്ങളെയും കിം താക്കീത് ചെയ്തു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് 2011ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ കിം ഉറപ്പുനല്‍കിയിരുന്നു. ആണവായുധ പദ്ധതി പൂര്‍ത്തിയായെന്ന് അവകാശപ്പെട്ട ശേഷം സാമ്പത്തിക പുരോഗതിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അമേരിക്കയുമായുള്ള പിണക്കം തീര്‍ക്കുന്നതിന് ശ്രമിച്ചുകൊണ്ടിരുന്ന കിം നയതന്ത്ര നീക്കങ്ങളില്‍നിന്ന് തല്‍ക്കാലം പിന്‍വാങ്ങി സാമ്പത്തിക കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ്.