കൊണ്ടോട്ടി: കൊട്ടുക്കരയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പതിനഞ്ച് വയസുകാരന്‍. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇയാളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പട്ടി ഓടിച്ചപ്പോള്‍ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

പെണ്‍കുട്ടി വീട്ടില്‍ നിന്ന് കൊട്ടുക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ ഒരു മണിയോടെയാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ യുവതിയെ പ്രതി വയലിലേക്ക് വലിച്ചുകൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി കൊട്ടുക്കര അങ്ങാടിയിലേക്ക് വരുന്നതിനിടെ വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നില്‍കക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തി സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അക്രമി കല്ലുകൊണ്ട് തലക്കിടിച്ചു വീഴ്ത്തി. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിച്ചെന്ന് അഭയം തേടുകയായിരുന്നു.