മലപ്പുറം: കൊണ്ടോട്ടിയില്‍ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകുന്നതിനിടയില്‍ ടോറസ് ലോറിയും ബൈക്കും ഇടിച്ച് 13കാരന് ദാരുണാന്ത്യം. കോഴിക്കോട് കക്കോടി സ്വദേശി പത്തായ കുന്നുമ്മല്‍ ഷാജിയുടെ മകന്‍ അര്‍ജുന്‍ ആണ് മരിച്ചത്. കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തിന് മുമ്പില്‍വെച്ച് ഇന്ന് രാവിലെ 8 മണിയോണ് അപകടം നടന്നത്.

ടോറസ് ലോറി ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഒരു വശത്തേക്ക് തെറിച്ചു പോവുകയായിരുന്നു.

തുടര്‍ന്ന് മകന്‍ ലോറിക്ക് അടിയില്‍പ്പെടുകയും അമ്മ മറ്റൊരു സ്ഥലത്തേക്കും വീഴുകയായിരുന്നു. മകന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം വാഹനം ഓടിച്ച അമ്മ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.