കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സംശയം. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് രാഖില്‍ തലശേരിയില്‍ നിന്ന് കോതമംഗലത്തെത്തിയതെന്ന് മാനസയുടെ സുഹൃത്തുക്കള്‍ പറയുന്നു. രാഖില്‍ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസും വ്യക്തമാക്കുന്നു.

രാഖില്‍ മാനസയെ താമസിക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. വാടകക്ക് താമസിക്കുന്ന ആ വീട്ടില്‍ മാനസ അപ്പോള്‍ കൂട്ടുകാരുമായി ചേര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് മാനസയെ കയ്യില്‍ പിടിച്ച് ബലമായി ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് വാതിലടക്കുകയും കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്‌തെന്നാണ് നിഗമനം.

മാനസയുടെ തലയില്‍ ചെവിക്ക് പിറകിലായാണ് വെടിയേറ്റത്. രാഖിലിന്റെ തലയുടെ പിന്‍ഭാഗം വെടിയേറ്റ് പിളര്‍ന്ന നിലയിലുമായിരുന്നു. യുവാവിനെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ ശനിയാഴ്ച നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഇന്‍സ്റ്റഗ്രമിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഒരു വര്‍ഷം മുന്നെ അകന്നു.