കൊട്ടാരക്കര : എം.സി.റോഡില്‍ വയയ്ക്കല്‍ ആനാട്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്. ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

പൊലിക്കോട്ടുനിന്ന് വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ടാണ് മൂന്നുപേരും മരിച്ചത്. മറ്റുള്ളവര്‍ ആശുപത്രി മാര്‍ഗത്തിലും. പൊലിക്കോട്ടുള്ള കടയില്‍പ്പോയി ഓണസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു കുടുംബം. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കമ്പംകോട് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ഗോപിക.