തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ് പഠനത്തിന് സര്‍ക്കാര്‍ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചാണ് സര്‍ക്കാര്‍ നടപടി. കൊച്ചി, തിരുവനന്തപുരം എന്നിവക്കുപുറമെ കേരളത്തിലെ മൂന്നാമത്തെ വിമാനത്താവളമാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. എന്നാല്‍ വലിയ വിമാനങ്ങളുടെ ലാന്റിങ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പുതിയ വിമാനത്താവളത്തെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് വിവരം.
രണ്ടായിരം ഏക്കര്‍ വിസ്തൃതിയിലുള്ള തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റിലാണ് പുതിയ വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മുക്കം മുന്‍സിപ്പാലിറ്റി, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമാണ് വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.