കോഴിക്കോട്: വിമാനപകടത്തെ മറയാക്കി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ പ്രത്യേക ലക്ഷ്യംവച്ച് ഉദ്യോഗസ്ഥ ലോബി രംഗത്തെത്തിയിരിക്കെ കോഴിക്കോട് വിമാനത്താവളത്തിന് പിന്തുണയുമായി അമേരിക്കന്‍ കെ.എം.സി.സിയും ഹൈക്കോടതിയിലേക്ക്. ദാരുണമായ അപകടത്തെ ഉയര്‍ത്തി കാട്ടി വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും നിയമപരമായി അതിനെ പിന്തുണക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് തന്നെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹരജിക്കെതിരെ യുഎസില്‍ പ്രവര്‍ത്തന അംഗീകാരമുള്ള കെഎംസിസി ഹൈക്കോടതിയില്‍ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചതായി കാനഡ കെഎംസിസി നേതാവ് വി.അബ്ദുല്‍ വാഹിദ് അറിയിച്ചു.

വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ.എം.സി.സി സംശയിക്കുന്നു. ഇത്തരം നീക്കത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്നും കമ്മിറ്റികള്‍ സംശയിക്കുന്നുണ്ട്.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയും, റിസയും എല്ലാം വൈഡ് ബോഡി വിമാനങ്ങള്‍ ഇറങ്ങാന്‍ അനുയോജ്യമായ ശേഷം മാത്രമാണ് കരിപ്പൂരില്‍ വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്ര മന്ത്രി സഭയും അന്താരാഷ്ട്ര തലത്തിലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയത്. യാത്രക്കാരുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വിദേശ വിമാനങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം അപകടത്തില്‍ നാളിതുവരെ പെട്ടിട്ടുമില്ല. മലബാറിലെ സാധാരണക്കാരായ പ്രവാസികളുടെ യാത്രക്കും, കയറ്റുമതിക്കും, ടൂറിസം വ്യവസായത്തിനും ഏറെ ഗുണപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിപ്പൂര്‍ നല്ല ലാഭത്തില്‍ ഓടുന്ന കേരളത്തിലെ ഏക പൊതുമേഖല എയര്‍പോര്‍ട്ട് കൂടിയാണെ്ന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
വസ്തുതകള്‍ ഇങ്ങിനെയായിരിക്കെ എയര്‍പോര്‍ട്ട് തന്നെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ഹരജിയെന്നും കമ്മറ്റി കുറ്റപ്പെടുത്തി.
കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എം. മുഹമ്മദ് ഷാഫിയാണ് കരിപ്പൂരിനെ ആശ്രയിക്കുന്ന മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും വേണ്ടി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പൊതുപ്രവര്‍ത്തകനായ യു.എ നസീര്‍ കോട്ടക്കല്‍ നല്‍കുന്ന കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകുക..