തിരുവനന്തപുരം: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസര്‍ കെആര്‍ ഇന്ദിരക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ കേരളപൊലീസ്. ഇന്ദിരക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. മനുഷ്യാകവാശ പ്രവര്‍ത്തകന്‍ വിപിന്‍ ദാസ്, സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജീത്ത് പെരുമന, സാമൂഹിക പ്രവര്‍ത്തക രേഖാ രാജ്, വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെയാണ് ഇന്ദിരക്കെതിരെ വിവിധയിടങ്ങളില്‍ പരാതി നല്‍കിയത്.

കൊടുങ്ങല്ലൂര്‍ പൊലീസിലാണ് വിപിന്‍ ദാസ് പരാതി നല്‍കിയിരിക്കുന്നത്. അഡ്വ. ശ്രീജിത്ത് പെരുമന വയനാട് പൊലീസ് മേധാവിക്ക് പരാതി നല്‍കിയപ്പോള്‍ രേഖാ രാജ് സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. എസ്‌ഐഒ കേരള ജനറല്‍ സെക്രട്ടറി ടി എ ബിനാസ് പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ ഇന്‍ബോക്‌സിലും നിരവധി പരാതികള്‍ പോയിട്ടുണ്ട്. എന്നാല്‍ സൈബര്‍ പൊലീസിന് മെസേജ് അയയ്ക്കാനാണ് ഇവര്‍ നല്‍കുന്ന മറുപടി. അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ െ്രെകം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴിയും പരാതി നല്‍കാമെന്ന് പൊലീസ് പറയുന്നു.

ദേശീയ പൗരത്വബില്‍ പുറത്തുവന്ന സമയത്താണ് കെ.ആര്‍ ഇന്ദിരയുടെ പരാമര്‍ശം ഉണ്ടായത്. ‘ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദര സ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാന്‍ സ്‌റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്നായിരുന്നു പോസ്റ്റ്. തുടര്‍ന്ന് വന്ന മറുപടിക്കും അവര്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായിട്ടുമുണ്ട്.