മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും. ഒറ്റയടിക്ക് യൂണിറ്റൊന്നിന് മുപ്പതു പൈസ കൂട്ടാനാണത്രെ തീരുമാനം. വരള്‍ച്ചയും അതേതുടര്‍ന്നുള്ള വൈദ്യുതി ഉത്പാദനക്കുറവും ബോര്‍ഡിന്റെ കടബാധ്യതകളും കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള കമ്മിയും മുന്തിയ വിലകൊടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതും മറ്റുമാണ് നിരക്കുയര്‍ത്താനുള്ള കാരണമായി ബോര്‍ഡിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നത്. ബോര്‍ഡിന്റെ 2011-13 വര്‍ഷത്തെ ബാധ്യതയാണ് നിരക്കു വര്‍ധനക്ക് കാരണമായി പറയുന്ന മറ്റൊന്ന്. ബാധ്യത അതതു വര്‍ഷം ഈടാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരാണിത്. ജനങ്ങളുടെ പ്രത്യേകിച്ചും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അപ്രീതി ഭയന്നാണ് പൊടുന്നനെ ഒരു വര്‍ധനവ് പ്രഖ്യാപിക്കാത്തതെന്നാണ് മനസ്സിലാകുന്നത്. ഏപ്രില്‍ 17നു ശേഷം ഏതു സമയവും ജനത്തിന് ഇരുട്ടടി പ്രതീക്ഷിക്കാമെന്നതാണ് ഇപ്പോഴത്തെ നില.

കേരളത്തില്‍ നിലവില്‍ ശരാശരി ഇരുപതു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നതെങ്കില്‍ 72.7 ദശലക്ഷം യൂണിറ്റാണ് ദിനവും ആവശ്യമുള്ളത്. അമ്പതു ദശലക്ഷം യൂണിറ്റെങ്കിലും പുറത്തുനിന്ന് വാങ്ങുകയാണ്. കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്നതിനാല്‍ ശരാശരി 35 ദശലക്ഷം യൂണിറ്റില്‍ നിന്നാണ് ഈ വേനലില്‍ ഉപഭോഗം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇടക്ക് അല്‍പം വേനല്‍ മഴ കിട്ടിയ ദിനങ്ങളില്‍ മാത്രമാണ് 65 ദശലക്ഷം യൂണിറ്റിലേക്ക് ഉപഭോഗം കുറഞ്ഞത്. വരും നാളുകളില്‍ ഉപഭോഗം അതിന്റെ പാരമ്യത്തിലേക്കെത്തുന്ന വിധത്തിലാണ് ശീതീകരണികളുടെയും മറ്റും ഉപയോഗത്തിലുണ്ടായിരിക്കുന്ന വര്‍ധനവ്. കടുത്ത വരള്‍ച്ചാകാലത്തു തന്നെയാണ് കേന്ദ്രപൂളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി എത്താതിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള വിതരണത്തകരാറാണ് കാരണം. അത് പരിഹരിക്കാതെയാണ് നിരക്കു വര്‍ധനക്ക് കോപ്പു കൂട്ടുന്നത്. കായംകുളം താപ വൈദ്യുതി നിലയം, കൂടംകുളം ആണവ നിലയം, ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയം എന്നിവിടങ്ങളില്‍ നിന്ന് ശേഷിച്ച വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഈ വൈദ്യുതിക്ക് ഏഴു രൂപ യൂണിറ്റിന് നല്‍കണമെന്നതാണ് അവസ്ഥ. ഇതാണ് നിരക്കു വര്‍ധനക്ക് ഒരു കാരണമായി പറയുന്നത്. എന്നാല്‍ സത്യാവസഥ ഇതൊന്നുമല്ലെന്നതാണ് വാസ്തവം. കെ.എസ്.ഇ.ബിക്ക് കഴിഞ്ഞ വര്‍ഷം 651 കോടി രൂപ ലാഭമുണ്ടാകുമെന്നാണ് കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ 1600 കോടി രൂപ ഈ വര്‍ഷം നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇതൊക്കെ ആരെ കണ്ണുകെട്ടിക്കാനാണ്. 2019 വരെ നിരക്ക് വര്‍ധിപ്പിക്കരുതെന്നും അതുവരേക്കുള്ള തുക കേന്ദ്ര ഊര്‍ജ മന്ത്രാലയം അനുവദിക്കാമെന്നും വാഗ്ദാനം ചെയ്തിട്ടുള്ളതാണെങ്കിലും അതും പാഴ്‌വാക്കായി. എന്നാലിനി ബാധ്യതകളെല്ലാം എളുപ്പത്തില്‍ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കാമെന്നാണ് ബോര്‍ഡും വൈദ്യുതി വകുപ്പും ആലോചിക്കുന്നത്.
കമ്മീഷന്റെ കണക്കനുസരിച്ച് ഇത്രയും കോടിയുടെ ലാഭമുണ്ടാകുമെന്നിരിക്കെ ഉപഭോക്താക്കളെ പീഡിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ബോര്‍ഡും സര്‍ക്കാരും തരുന്നില്ല. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വയം തയ്യാറാക്കിയ കണക്കനുസരിച്ച് ബോര്‍ഡിന് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ തന്നെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ജനുവരിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതനുസരിച്ച് രണ്ടു വര്‍ഷത്തിന് നിരക്കു വര്‍ധന ആവശ്യമായി വരുന്നില്ലെന്ന് കമ്മീഷന്‍ രേഖകള്‍ സഹിതം വ്യക്തമാക്കുമ്പോള്‍ എന്തിനാണ് ഇത്ര ധൃതി. ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദനത്തിന് സോളാര്‍ പോലുള്ള പദ്ധതികളുള്ളപ്പോഴാണ് ഇടതു പക്ഷ സര്‍ക്കാര്‍ അതിരപ്പിള്ളി പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് പിറകെ ഓടുന്നത്. വൈദ്യുതിമന്ത്രിയും സി.പി.എമ്മും അതിരപ്പിള്ളി പദ്ധതി ഏതു വിധേനയും സമന്വയത്തിലൂടെ നടപ്പാക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും വന്‍ തോതില്‍ നാശം വരുത്തുന്ന പദ്ധതിയോടാണ് സി.പി.എമ്മിന് താല്‍പര്യമെന്നുവരുന്നത് അതിനു പിന്നിലെ കമ്മീഷന്‍ തന്നെയെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുള്ളതാണ്. ലോകത്തു തന്നെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ വിമാനത്താവളം നമ്മുടെ നാട്ടില്‍ തന്നെയുള്ളപ്പോഴാണ് കൂടുതല്‍ പണം ചെലവഴിക്കാനുള്ള മുറവിളി. ഇതിലൂടെയും സാധാരണക്കാരന്റെ മുതുകത്ത് കൂടുതല്‍ ഭാരംകയറ്റിവെക്കാനാണ് പാവപ്പെട്ടവരുടേതെന്നവകാശപ്പെടുന്ന ഭരണകൂടം ശ്രമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ വരുത്തിയ വര്‍ധന ഈ തരത്തിലുള്ളതായിരുന്നെങ്കില്‍ എല്ലാതരം ഉപഭോക്താക്കളെയും ബാധിക്കുന്ന വര്‍ധനവാണ് അണിയറയില്‍ തയ്യാറായിരിക്കുന്നതെന്നാണ് വിവരം. നാല്‍പതു യൂണിറ്റ് വൈദ്യുതി ദൈ്വമാസം ഉപയോഗിക്കുന്നവരെയാണ് നിരക്കു വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം നിരക്കു വര്‍ധനവിനെക്കുറിച്ച് പറയുന്ന ബോര്‍ഡിന് ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം നല്‍കുന്നതില്‍ ഒരു താല്‍പര്യവുമില്ല. പ്രഫഷണലിസം തീര്‍ത്തും നഷ്ടപ്പെട്ട സ്ഥിതിയാണ് ബോര്‍ഡിലാകെ ഇന്നും നിലനില്‍ക്കുന്നത്.
ഇതിനകംതന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ മുതുകിലേക്ക് കൂടുതല്‍ ഭാരം ഇറക്കിവെച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനെതിരെ അതിശക്തമായ പ്രതിഷേധവും പ്രക്ഷോഭവുമാകും ഉയര്‍ന്നുവരിക. അരിക്കും മറ്റും ഇപ്പോള്‍ തന്നെ കുതിച്ചുയര്‍ന്നിരിക്കുന്ന വിലയെക്കുറിച്ച് യാതൊന്നും മിണ്ടാതിരിക്കുന്ന സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് വൈദ്യുതിയുടെ കാര്യത്തിലും ശ്രമിക്കുന്നതെന്നുവേണം കരുതാന്‍. വൈദ്യുതി നിരക്കിലെ വര്‍ധനവ് സ്വാഭാവികമായും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാത്രമല്ല, വാണിജ്യ ഉപഭോക്താക്കളിലും ഭവിക്കുമെന്നതിനാല്‍ വിലക്കയറ്റം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അധികാരത്തിലേറി അഞ്ചു വര്‍ഷം വരെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നു ആണയിട്ട സര്‍ക്കാരിലെ ആസ്ഥാന വിദ്വാന്മാര്‍ക്ക് ഇപ്പോള്‍ ജനങ്ങളുടെ ജീവനുപോലും സംരക്ഷണം കൊടുക്കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, നീതിക്കുവേണ്ടി പോരാടുന്നവരെ നടുറോഡിലൂടെ വലിച്ചിഴക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പിന്നെ ഇവര്‍ക്കെവിടെ നിന്നാണ് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നേരം. ഊര്‍ജോത്പാദനത്തിന് നവീന മാര്‍ഗങ്ങള്‍ അവലംബിക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയുന്നതാകണം വൈദ്യുതി രംഗത്തെ സര്‍ക്കാര്‍ നയം. ഇതല്ലാതെ നിരക്കുകൂട്ടുക എന്ന ഏകകാര്യ പരിപാടിയായി മാത്രം വൈദ്യുതി മേഖലയെ കണ്ടുകൂടാ.