കാസര്‍കോട്: നഗരത്തില്‍ ഓട്ടോ ഡ്രൈവറായ ബി.എം.എസ് പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപാ (27)ണ് മരിച്ചത്.

ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ട് അവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് സന്ദീപ് ഉള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇതിനിടയിലാണ് സന്ദീപ് മരിച്ചത്.
പൊലീസ് മര്‍ദനത്തെതുടര്‍ന്നാണ് സന്ദീപ് മരിച്ചതെന്നാണ് ബി.എം.എസ് ആരോപിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ സന്ദീപിനെ പൊലീസ് ചവിട്ടിയിരുന്നതായും ക്രൂരമായ മര്‍ദനത്തിനിരയായ യുവാവ് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ തടഞ്ഞതായും സംഘടന ആരോപിച്ചു.
ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരെ യാതൊരു കാരണവും കൂടതെ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി കൊലപ്പെടുത്തുകയും ചെയ്ത കാസര്‍കോട് ടൗണ്‍ എസ്.ഐയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച ആരോപിച്ചു. കാസര്‍കോട് സി.പി.സി.ആര്‍.ഐയിലെ കാന്റീന്‍ ജീവനക്കാരനായ കേശവ- മനോരമ ദമ്പതികളുടെ മകനാണ് മരിച്ച സന്ദീപ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകും.
മരണത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.