തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി കാരണം ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയുടെ മൊത്തം സാമ്പത്തികബാധ്യത 2823.42 കോടി രൂപ. വിവിധ ധനകാര്യസ്ഥാപനങ്ങളിലായി തിരിച്ചടക്കാനുള്ള ഈ തുകക്ക് പുറമെ 548 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയുമുണ്ട്. അനുദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. നിത്യവരുമാനം അഞ്ചേമുക്കാല്‍ കോടിയില്‍ നിന്ന് നാലേകാല്‍ കോടിയായി കുറയുകയും ചെയ്തു. പ്രതിമാസ നഷ്ടം 110 കോടി രൂപയാണ്.
സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം 50 കോടിയോളം രൂപ വേണം. എംപാനല്‍ ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ മാത്രം 24 കോടിയും. ചുരുക്കത്തില്‍ ശമ്പളം നല്‍കാന്‍ മൊത്തം 74 കോടിയാണ് പ്രതിമാസം കോര്‍പറേഷന്‍ കണ്ടെത്തേണ്ടി വരുന്നത്. ഈ മാസം 15 ന് പെന്‍ഷന്‍ നല്‍കണം. ഇതിനായി 27.5 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ ചക്രശ്വാസം വലിക്കുകയാണ് കോര്‍പറേഷന്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു നല്‍കാനുണ്ടായിരുന്ന 32 കോടി രൂപ വകമാറ്റിയാണ് ചില ഡിപ്പോകളില്‍ ശമ്പളം നല്‍കിയത്. പണം കിട്ടിയില്ലെങ്കില്‍ ഇന്ധനം നല്‍കാന്‍ കഴിയില്ലെന്നു കാട്ടി ഐ.ഒ.സിയും കോര്‍പ്പറേഷനു നോട്ടീസ് അയച്ചു. അതിനാല്‍ സമരം അവസാനിപ്പിച്ചാലും ഡീസല്‍ ഇല്ലാതെ സര്‍വീസുകളും മുടങ്ങുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
വരവും ചെലവും തമ്മില്‍ ഒത്തു പോകാത്തതിനാല്‍ അടുത്ത മാസവും ഇതേ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ഉറപ്പാണ്. കോര്‍പറേഷന്റെ 64-ാമത്തെ ഡിപ്പോയും പണയപ്പെടുത്തിയാണ് എസ്.ബി.ടിയില്‍ നിന്നും വായ്പയെടുത്തത്. കഴിഞ്ഞ മാസവും ഇതേ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിപ്പോ പണയപ്പെടുത്തി 80 കോടിയുടെ വായ്പ സംഘടിപ്പിച്ചിരുന്നു. ഭാരത് ത്രീ ബസുകള്‍ നവംബറിന് മുമ്പേ പുറത്തിറക്കേണ്ടതിനാല്‍ വായ്പത്തുകയിലെ നല്ലൊരു പങ്കും ഇതിനായി ചെലവഴിക്കേണ്ടി വന്നു. കെ.ടി.ഡി.എഫ്.സിയില്‍ നിന്നാണ് കോര്‍പറേഷന് സാധാരണ വായ്പ ലഭിക്കുന്നത്. എന്നാല്‍, ഇവരില്‍ നിന്നുള്ള വായ്പ കുടിശികയായതോടെ കോര്‍പറേഷനു മറ്റു വഴികള്‍ തേടേണ്ടി വന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു ഡിപ്പോകള്‍ പണയം വച്ചാണ് ഇപ്പോള്‍ വായ്പ സംഘടിപ്പിക്കുന്നത്.
ആകെയുള്ള 93 ഡിപ്പോകളില്‍ 63 എണ്ണവും ബാങ്കുകള്‍ക്കു പണയം വച്ചു കഴിഞ്ഞു. ശേഷിക്കുന്ന മുപ്പതില്‍ അഞ്ച് ഡിപ്പോകള്‍ വര്‍ക്‌ഷോപ്പുകളായതിനാല്‍ പണയം വെക്കാന്‍ സാധിക്കില്ല. അഞ്ച് ഡിപ്പോകള്‍ കെ.ടി.ഡി.എഫ്.സിക്ക് പണയത്തിലാണ്. പിന്നീടുള്ള 20 ഡിപ്പോകള്‍ക്കാകട്ടെ പട്ടയവും മറ്റു രേഖകളുമില്ല. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പതിവുപോലെ വിവിധ ധനകാര്യസ്ഥാപനങ്ങളെ വായ്പയ്ക്കായി കോര്‍പറേഷന്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.ഒടുവിലാണ് എസ്.ബി.ടി കനിഞ്ഞത്.
എം.ഡി.യും ജനറല്‍മാനേജരും സ്ഥാനമൊഴിഞ്ഞതിനാല്‍ ശമ്പളത്തുക കണ്ടെത്തേണ്ട ചുമതല കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച എം.ഡി.യെയും ജനറല്‍ മാനേജരെയും കഴിഞ്ഞ ദിവസമാണ് മാറ്റിയത്. പകരം എം.ജി. രാജമാണിക്യത്തെ എം.ഡി.യായി നിയമിച്ചു. അദ്ദേഹം സ്ഥാനമേറ്റിട്ടില്ല. ഇതുകൊണ്ട് തന്നെ ഭരണതലപ്പത്ത് ഒരു തീരുമാനം എടുക്കാന്‍ വൈകുന്നതും ശമ്പളം നല്‍കാന്‍ താമസിക്കുന്നതിന് കാരണമാകുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. രാജമാണിക്യം ഇന്നോ നാളയോ ചുമതലയേല്‍ക്കുമെന്നാണ് സൂചന.