മന്ത്രി കെടി ജലീലിന്റെ വിവാദമായ ബന്ധു നിയമനത്തിലെ വ്യക്തി വെല്‍ഫയര്‍ പാര്‍ട്ടി നേതാവിന്റെ മകന്‍. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട കെടി അദീബ് വെല്‍ഫയര്‍ പാര്‍ട്ടി മൂക്കിലപീടിക യൂനിറ്റ് പ്രസിഡണ്ട് പ്രൊഫസര്‍ കെടി ഹംസയുടെ മകനാണ്. ആളില്ലാ പാര്‍ട്ടിയെന്നായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടിയെ ജലീല്‍ വിശേഷിപ്പിച്ചത്. അതേസമയം ഇത്തരം പ്രസംഗങ്ങള്‍ സിപിഎം പാര്‍ട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രീണിപ്പിക്കാനുള്ള നാടകങ്ങളായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. അടുപ്പക്കാരെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തിരുകി കയറ്റാനുള്ള ശ്രമങ്ങള്‍ ജലീലിന്റെ ആദര്‍ശ കാപട്യങ്ങളെ പൊതുജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പൈടുത്തിയിരിക്കുകയാണ്.

ഏഴ് അപേക്ഷകളാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ലഭിച്ചത്. ഇതില്‍ അഞ്ചും യോഗ്യരായവരുടെ അപേക്ഷയായിരുന്നു. ഇതെല്ലാം തഴഞ്ഞാണ് ബന്ധുവായ അദീബിന് ജലീലിന്റെ ഇടപെടലില്‍ നിയമനം നല്‍കിയിരിക്കുന്നത്.

ന്യൂനപക്ഷ ധനകാര്യ വിസകന കോര്‍പറേഷന്റെ ഓഫീസിലെത്തി യൂത്ത് ലീഗ് സംസ്ഥാ ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രേഖകള്‍ പരിശോധിച്ചിരുന്നു. ലഭിച്ച ഏഴ് അപേക്ഷകരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറിയും അപേക്ഷകരിലുണ്ടായിരുന്നു. ഇവരെയെല്ലാം തഴഞ്ഞാണ് ബന്ധുവിനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നിയമിച്ചത്. വിവരങ്ങള്‍ പൂഴ്ത്തി വയ്ക്കാന്‍ മന്ത്രിയുടെ ഓഫീസ് നിരന്തരം ശ്രമം നടത്തുന്നുമുണ്ട്.
ഏഴ് അപേക്ഷകളാണ് ലഭിച്ചിരുന്നതെന്ന് നേരത്തെ മന്ത്രി ജലീലും വിശദീകരിച്ചിരുന്നു. എന്നാല്‍ യോഗ്യരായവരെ കിട്ടിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇടപെട്ട് നിയമനം നടത്തിയതെന്നും ജലീല്‍ വിശദമാക്കിയിരുന്നു. യൂത്ത് ലീഗിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ചട്ടങ്ങള്‍ എല്ലാം പാലിച്ചാണ് നിയമനം നടന്നത്. ചട്ടം ലംഘിച്ചെന്ന ആരോപണം ശരിയല്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.
മന്ത്രി ജലീല്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ നിയമനങ്ങള്‍ എല്ലാം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.