കൊച്ചി: മന്ത്രി കെ ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ചട്ടലംഘനമുണ്ടായതായാണ് ആക്ഷേപം.

കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ആകെ 4478 കിലോഗ്രാം മതഗ്രന്ഥമാണ് നയതന്ത്ര പാഴ്‌സല്‍ ആയി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചത്. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായി എന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്‌സലില്‍ എത്തുന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്യാന്‍ പാടില്ല എന്നാണ് ചട്ടം.

കേസുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര പാഴ്‌സല്‍ വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലും കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.