Connect with us

Views

കേരളത്തില്‍ നോട്ട് ക്ഷാമത്തിന് പിന്നില്‍ ജനങ്ങളുടെ ധൂര്‍ത്തെന്ന് കുമ്മനം

Published

on

കോഴിക്കോട്: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് മലയാളികളുടെ ആഡംബരവും ധൂര്‍ത്തും മൂലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സുഖലോലുപരമാണ് മലയാളികളെന്നും കുമ്മനം പറഞ്ഞു. കോഴിക്കോട്ട് എന്‍ഡിഎ ജില്ല കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

രാജ്യത്തെ 80 ശതമാനം പേരും ഉപയോഗിക്കുന്നത് 100 രൂപ നോട്ടാണ്. അതിനാല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തെ സാധാരണക്കാരെ ബാധിച്ചില്ല. കേരളത്തിലെ പ്രശ്‌നം സഹാനുഭൂതിയോടെയാണ് പ്രധാനമന്ത്രി നോക്കിക്കാണുന്നത്. സംസ്ഥാനത്തെ ബുദ്ധമുട്ട് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കുമ്മന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

ഭരണഘടനയുടെ വെളിച്ചത്തില്‍ മുന്നേറാം

രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റേയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്.

Published

on

എ.എന്‍ ഷംസീര്‍
(കേരള നിയമസഭാ സ്പീക്കര്‍)

രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റേയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്ന, പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് വര്‍ത്തമാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഓരോ ഇന്ത്യക്കാരന്റേയും ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന, ദിശാബോധം നല്‍കുന്ന ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന. രാജ്യത്തിന്റെ സംസ്‌കാരം എന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഭരണഘടനയുടെ ഉള്‍ക്കാമ്പ്. ഭരണനിര്‍വഹണം, നിയമനിര്‍മാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലും കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. പ്രാരംഭത്തില്‍ 22 ഭാഗവും 395 അനുച്ഛേദങ്ങളും 9 പട്ടികയുമുണ്ടായിരുന്ന ഭരണഘടനയായിരുന്നു. തുടര്‍ന്നുവന്ന നൂറിലധികം ഭേദഗതികളിലൂടെ അമ്പതിലധികം അനുച്ഛേദങ്ങളും 3 പട്ടികകളും ഭരണഘടന യില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഭരണഘടനയില്‍ ഭേദഗതികളും പൊളിച്ചെഴുത്തും കൂട്ടിച്ചേര്‍ക്കലും വേണമെന്ന് പല ഘട്ടങ്ങളിലും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ മിക്ക ആവശ്യങ്ങളും ഭരണഘടനയുടെ ജനാധിപത്യത്തിന്റെയും സമത്വാശയങ്ങളുടെയും ഭാഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. ആ കാഴ്ചപ്പാടിലാവണം ഓരോരുത്തരും ഇന്ത്യന്‍ ഭരണഘടനയെ സമീപിക്കേണ്ടത്.

ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമായുണ്ട്. പൗരത്വ നിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവര്‍ നല്ലതല്ലെങ്കില്‍ അത് ചീത്തയാകു’മെന്ന് 1949 നവംബര്‍ 25ന് ഭരണഘടനാഅസംബ്ലിയില്‍ അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പാണ് ഇത്തരം നീക്കങ്ങളുണ്ടാവുമ്പോള്‍ ഓര്‍മ്മവരുന്നത്. രാജ്യത്ത് പതിനൊന്നോളം സംസ്ഥാനങ്ങള്‍ക്ക് ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രത്യേക പദവികളോ പരിഗണനകളോ ഉണ്ട്. അതെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്നത് കണ്ടു. കാര്‍ഷിക ഭേദഗതി നിയമം, തൊഴില്‍ നിയമം, അയോധ്യാ വിധി നടപ്പാക്കല്‍ തുടങ്ങിയവയെല്ലാം ഭരണഘടനാപരമായിരുന്നോ എന്ന കാര്യത്തിലും വ്യാപകമായ ചര്‍ച്ചകള്‍ നടന്നുവരുന്നു. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കാന്‍ പാടില്ലെന്നും വിവേചനമോ പ്രീണനമോ പാടില്ലെന്നും ഭരണഘടന ഊന്നുന്നുണ്ട്. പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഭരണഘടന നല്‍കിയ വിശേഷണങ്ങള്‍. ഇതിലെ മതനിരപേക്ഷത ഉള്‍പ്പെടെയുള്ള വിശേഷണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അത്തരം മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നുണ്ട്. ഭരണഘടനയെ പിച്ചിച്ചീന്താനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ചെറുത്തുതോല്‍പ്പിക്കണം. ഭരണഘടനാസംരക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിക്കാനും ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരണം.

ഭരണഘടനയെ കുറിച്ചുള്ള അറിവ് ഈ കാലഘട്ടത്തില്‍ പരമപ്രധാനമായ ഒന്നാണ്. ഓരോ മലയാളിക്കും ഭരണഘടനാ സാക്ഷരത പകര്‍ന്നുനല്‍കാനുള്ള വിപുലമായ കാമ്പയിന് രാജ്യത്തിന്റെ ഭരണഘടനാ ദിനമായ ഇന്ന് കേരള നിയമസഭ തുടക്കം കുറിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാമ്പയിനിലൂടെ സംസ്ഥാനത്തെ 45 ലക്ഷത്തിലേറെ കുടുംബങ്ങളിലേക്ക് ഭരണഘടനയെ കുറിച്ചുള്ള അറിവ് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീയുടെ യൂണിറ്റ് മുതലുള്ള വിവിധ തലങ്ങളില്‍ നടക്കുന്ന ക്യാമ്പയിനിലൂടെ ഭരണ ഘടനയുടെ ആവിര്‍ഭാവത്തെ കുറിച്ചും ഭരണഘടനാമൂല്യങ്ങളെ സംബന്ധിച്ചും വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെ പ്രകാശിപ്പിക്കാതിരിക്കാനാവില്ല. അതിന്റെ വെളിച്ചത്തിലാണ്‌വരും തലമുറ വളരേണ്ടത്.

 

Continue Reading

columns

താളംതെറ്റി റേഷന്‍ വിതരണം-എഡിറ്റോറിയല്‍

സംസ്ഥാനത്ത് സര്‍വര്‍ തകരാര്‍മൂലം റേഷന്‍ വിതരണം താളംതെറ്റുന്നത് ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി പത്തുദിവസത്തോളമായി തുടരുന്ന ഈ അപാകത കാരണം റേഷന്‍ വാങ്ങാനെത്തുന്നവര്‍ സ്ഥിരമായി വെറുംകൈയ്യോടെ മടങ്ങിപ്പോവുകയാണ്.

Published

on

സംസ്ഥാനത്ത് സര്‍വര്‍ തകരാര്‍മൂലം റേഷന്‍ വിതരണം താളംതെറ്റുന്നത് ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി പത്തുദിവസത്തോളമായി തുടരുന്ന ഈ അപാകത കാരണം റേഷന്‍ വാങ്ങാനെത്തുന്നവര്‍ സ്ഥിരമായി വെറുംകൈയ്യോടെ മടങ്ങിപ്പോവുകയാണ്. ഉപജീവനത്തിന് അന്നന്ന് തൊഴിലിനുപോകേണ്ട സാധാരണക്കാര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. സാങ്കേതിക തകരാര്‍ കാരണം ദിവസത്തിന്റെ മുക്കാല്‍ഭാഗവും ഉപഭോക്താക്കളും വിതരണക്കാരും റേഷന്‍കടയുടെ മുന്നില്‍ വെറുതെ നില്‍ക്കുകയാണ്. ആളുകള്‍ കൂടുതലായി കടകളിലെത്തുന്ന വൈകുന്നേര സമയങ്ങളിലാണ് നെറ്റ്‌വര്‍ക്കിന് കൂടുതല്‍ തടസങ്ങളുണ്ടാകുന്നത്. ഇതുകാരണം നവംബര്‍ മാസം അവസാനിക്കാറായിട്ടും പകുതിയോളം പേര്‍ക്ക് മാത്രമേ ഈ മാസത്തെ റേഷന്‍ വസ്തുക്കള്‍ ലഭിച്ചിട്ടുള്ളൂ.

കാര്‍ഡുടമയുടേയോ അംഗത്തിന്റെയോ കൈവിരലുകള്‍ പതിപ്പിക്കുന്ന ഇ പോസ് സംവിധാനത്തിലൂടെയാണ് നിലവില്‍ റേഷന്‍ വിതരണം നടക്കുന്നത്. ബയോമെട്രിക് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ രണ്ടാമത്തെ സാധ്യത എന്ന നിലയില്‍ ഒ.ടി.പി സംവിധാനവും ഉപയോഗിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് സംവിധാനം തകരാറിലാവുന്നതാണ് ഇ പോസ് സംവിധാനത്തെ ബാധിക്കുന്നത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ പകരമായി ഉപയോഗപ്പെടുത്തേണ്ട ഒ.ടി.പി സിസ്റ്റവും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ഒ.ടി.പി ഉപയോഗിക്കണമെങ്കില്‍ കടയിലെത്തുന്നവരുടെ കൈവശം മൊബൈല്‍ ഫോണുണ്ടാവേണ്ടതുണ്ട്. പലരും ഫോണ്‍ കൈയ്യില്‍ കരുതാത്തതും ചിലര്‍ക്കെല്ലാം ഫോണ്‍തന്നെ ഇല്ലാത്തതുമൊക്കെയാണ് ഇതിനെ ബാധിക്കുന്നത്. മൊത്തത്തില്‍ രണ്ടു സംവിധാനങ്ങളും പ്രായോഗികമല്ലാതാവുന്നതും റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിക്കുന്നതുമാണ് നിലവിലെ അവസ്ഥ.

അരിവില റോക്കറ്റിനേക്കാള്‍ വേഗത്തിലാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. നിത്യേനയെന്നോണമുള്ള വര്‍ധനവിലൂടെ നിലവില്‍ സാധാരണ അരിയുടെ വില 60 രൂപയിലെത്തിനില്‍ക്കുകയാണ്. സാധാരണക്കാരന് അന്നം കഴിക്കണമെങ്കില്‍ റേഷന്‍ കടകള്‍ മാത്രമാണ് ഇപ്പോഴത്തെ ശരണം. ഈ മാസമാകട്ടേ സ്‌പെഷല്‍ അരി വിതരണവും നടക്കേണ്ടതുണ്ട്. ഈ സമയത്താണ് വിതരണം ഈ രീതിയില്‍ താളംതെറ്റിയിരിക്കുന്നത്. സാങ്കേതിക തകരാറില്‍ പെട്ട് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലുമുണ്ടാവുന്നില്ലെന്നതാണ് ഏറ്റവും ഖേദകരം. നിലവിലുള്ള സംവിധാനത്തില്‍ വ്യാപാരികള്‍ക്ക് വ്യാപകമായ പരാധിയുണ്ട്. ഇക്കാര്യം നിരന്തരമായി അവര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

കമ്മീഷന്‍ വര്‍ധന ഉള്‍പ്പടെ റേഷന്‍ വ്യാപാരികള്‍ നിരവധിയായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കെട്ടിടവാടക, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെയെല്ലാമുണ്ടായിരിക്കുന്ന വര്‍ധനവുകാരണം നിലവിലുള്ള കമ്മീഷന്‍ പുതുക്കാത്ത പക്ഷം ഒരുനിലക്കും മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍. ഏജന്‍സി തന്നെ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പലരുമുള്ളത്. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍പോലും ഇപ്പോഴും നല്‍കിയിട്ടില്ലെന്നുള്ള പരാധി വരെ നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ഈ ഉദാസീനതക്കെല്ലാമുള്ള സര്‍ക്കാറിന്റെ മറുപടി. എന്നാല്‍ മന്ത്രിമാരുടെ വിദേശ യാത്ര, അടിക്കടിയുള്ള വാഹനങ്ങളുടെ പുതുക്കല്‍ തുടങ്ങിയ എല്ലാ ആര്‍ഭാഢങ്ങള്‍ക്കും പണം അനുവദിക്കാന്‍ ധനവകുപ്പിന് യാതൊരു മടിയുമില്ലതാനും. ഈ മുന്‍ഗണനാ ക്രമത്തില്‍ നിന്നു തന്നെ റേഷന്‍ വിതരണത്തിനു സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മനസിലാക്കാന്‍ സാധിക്കും. റേഷന്‍ വിതരണക്കാരോടുള്ള ഈ വെല്ലുവിളി സാധാരണക്കാരോടാണെന്നുള്ള തരിച്ചറിവ് സര്‍ക്കാറിനുണ്ടാവേണ്ടതുണ്ട്.

കേരളത്തിന്റെ പൊതുവിതരണ സംവിധാനം രാജ്യത്തിനാകെ മാതൃകയായിട്ടുള്ളതാണ്. മറ്റു പല മേഖലകളിലെന്നപോലെ പിണറായി സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ കാരണം ഈ മേഖലയും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പൊതുവിതരണ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിക്കേണ്ട ഈ ഘട്ടത്തില്‍ അങ്ങോട്ടു തിരിഞ്ഞുനോക്കാതെയും ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കാതെയും വിതരണം അവതാളത്തിലാക്കിയും ഇതിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.

Continue Reading

columns

കരുതിയാല്‍ കളിയും കാര്യമാക്കാം

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഖത്തറിന്റെ ഓരോ അലങ്കാരത്തിലും അറേബ്യന്‍ ഇസ്‌ലാമിക് ടച്ചുണ്ട്. പള്ളികളിലെ ബാങ്കുവിളിയും ഇമാമിന്റെ ഓത്തും വരെ ആകര്‍ഷകമാകാന്‍ വേണ്ട നടപടി അവര്‍ സ്വീകരിച്ചു. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും ലോകകപ്പിന്റെ പേരില്‍ മാറ്റാന്‍ അനുവദിക്കില്ലെന്നു തുറന്നുപറഞ്ഞു ഖത്തര്‍ ഭരണകൂടം.

Published

on

ടി.എച്ച് ദാരിമി

നന്മ പ്രബോധനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കേണ്ട വഴിയാണ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത്. വിശുദ്ധ ഖുര്‍ആന്‍ യൂസുഫ് നബിയുടെ ചരിത്രത്തിനിടെ ഇത് സൂചിപ്പിക്കുന്നുണ്ട്. തന്റെ രണ്ട് സഹതടവുകാര്‍ ഓരോ സ്വപ്‌നങ്ങള്‍ കാണുന്നു. അതിന്റെ വ്യാഖ്യാനം അറിയാന്‍ അവര്‍ക്ക് തിടുക്കമുണ്ടാവുന്നു. ആ കാലത്തിന്റെ ത്വരയും ആകാംക്ഷയുമായിരുന്നു അത്. കാരണം, സ്വപ്‌നത്തിലൂടെ ദൈവം തന്നോട് നേരിട്ടു സംസാരിക്കുകയാണ് എന്നാണ് അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. അതോടൊപ്പം ഇവര്‍ കണ്ട സ്വപ്‌നം പല ആശങ്കകളും ഉളവാക്കുന്നതുമായിരുന്നു. തങ്ങളുടെ സ്വപ്‌നത്തിന്റെ വ്യാഖ്യാനം അറിഞ്ഞു കിട്ടാനുള്ള തീവ്രമായ ആഗ്രഹത്തില്‍ നില്‍ക്കുകയായിരുന്ന അവരെ അത് ഞാനിപ്പോള്‍ പറഞ്ഞു തരാം എന്ന മട്ടില്‍ ശ്വാസമടക്കിപ്പിടിച്ചു നിറുത്തി യൂസുഫ് നബി അവരോട് പറയുന്നത് ഏക ദൈവ വിശ്വാസത്തെ കുറിച്ചാണ്. അത് യുക്തിപരമായി പറഞ്ഞതിന് ശേഷമാണ് അദ്ദേഹം അവരുടെ സ്വപ്‌നം വ്യാഖ്യാനിക്കുന്നത് (യൂസുഫ്: 30-42). തനിക്ക് കൈവന്ന സുവര്‍ണാവസരത്തെ തന്റെ ദൗത്യമായ ആദര്‍ശ പ്രചാരണത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി എന്നു ചുരുക്കം. തന്ത്രപൂര്‍വം പ്രബോധനം ചെയ്യുക എന്നും (നഹ്ല്‍: 125) അകക്കാഴ്ചയോടെ പ്രബോധനം ചെയ്യുക എന്നും (യൂസുഫ്: 108) അല്ലാഹു ഖുര്‍ആനിലൂടെ നിര്‍ദ്ദേശിക്കുന്നതിന്റെ സാധ്യവും ഇതുതന്നെയാണ്.

ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തെ അങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ലോക ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ പലരും അഭിപ്രായപ്പെട്ടത് ഈ അര്‍ഥത്തിലാണ്. ജര്‍മനിയിലെ ഉലമാക്കളുടെയും പ്രബോധകരുടെയും സംഘടനയുടെ പരമാധ്യക്ഷന്‍ ശൈഖ് ത്വാഹാ ആമിര്‍ പറയുന്നത് ഖത്തര്‍ ഈ അവസരം ഇസ്‌ലാമിന്റെ സാംസ്‌കാരികവും സാമൂഹ്യവുമായ സവിശേഷതകളെ ലോകത്തിന് പരിചയപ്പെടുത്താനും ഉപയോഗപ്പെടുത്തണം എന്നാണ്. ഇസ്‌ലാമിന്റെ ഉന്നത മൂല്യങ്ങളായ ഔദാര്യം, സ്വീകരണം, സുരക്ഷാബോധവും സന്നാഹവും എല്ലാം ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്നും വരുന്നവര്‍ക്ക് തന്ത്രപരമായി മനസ്സിലാക്കിക്കൊടുക്കണം. സൂറത്തുല്‍ ഹുജറാത്തില്‍, അല്ലാഹു മനുഷ്യരെ വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കിയിരിക്കുന്നത് നിങ്ങള്‍ പരസ്പരം പരിചയപ്പെടാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞത് ശൈഖ് ത്വാഹാ ഉദ്ധരിച്ചു. ഈ സൂക്തത്തിലെ പരിചയപ്പെടല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ് എന്ന് അദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്തു.

സത്യത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഈ പ്രയോഗം ഈ പശ്ചാതലത്തില്‍ മാത്രമല്ല, പൊതു സമൂഹിക ജീവിതത്തിന്റെ തന്നെ ഏറ്റവും വലിയ അനിവാര്യതയാണ്. ലോകത്ത് നടക്കുന്ന എല്ലാ അധിക്ഷേപങ്ങളുടെയും കാരണം അത് ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അറിവില്ലായ്മയാണ്. ഇന്നത്തെ കാലത്ത് മതങ്ങള്‍ അടക്കമുള്ള സംഘ സമൂഹങ്ങളെല്ലാം പരസ്പരം പോരടിക്കുന്ന അവസ്ഥയിലാണല്ലോ. ഒരു കക്ഷിക്കാരന്‍ മറ്റൊരു കക്ഷിക്കാരനെകുറിച്ച് വെച്ചുപുലര്‍ത്തുന്ന തെറ്റായ ധാരണകളില്‍ നിന്നാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഇത് നമ്മുടെ സാമൂഹ്യ പരിസരത്ത് മാത്രമല്ല, ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ളതാണ്. ഇത്തരം തെറ്റായ മുന്‍ധാരണകള്‍ മാറ്റിയെടുക്കാന്‍ അവസരങ്ങളില്‍ നാം സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ഖത്തറില്‍ അത് ഏറെ പ്രസക്തമാണ്. അതിനു കാരണമുണ്ട്. ഏഷ്യയില്‍ രണ്ടാമത്തെതാണെങ്കിലും അറബ് മേഖലയില്‍ ഇതാദ്യമായാണ് ലോക ഫുട്‌ബോള്‍ മാമാങ്കം എത്തുന്നത്. ലോകത്തെ ഏറ്റവും വലിയ വൈകാരികോത്സവമാണ് ഇത്. അതില്‍ ലോകത്തെ ഏതാണ്ടെല്ലാ കൊലകൊമ്പന്‍മാരും വരും, പങ്കെടുക്കും. ഒരു മാസത്തോളം ആതിഥേയ രാജ്യം ഒരു മിനിയേച്ചര്‍ ഗ്ലോബായിമാറും. വിവിധ രാജ്യങ്ങളില്‍നിന്ന് കളിക്കാനും കാണാനുമായി വരുന്നവരുടെ ശ്രദ്ധയില്‍ എന്തെല്ലാം പെടുന്നുവോ അതെല്ലാം പതിഞ്ഞുകിടക്കും.

മറ്റൊരു കാരണം, ഖത്തര്‍ ലോകകപ്പിന് വേദിയാകുന്നതിനെതിരെ അന്താരാഷ്ട്ര ഭീമന്‍ രാജ്യക്കാര്‍ക്കെല്ലാം കുറേ നാളായി അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട്. അവിടെ മനുഷ്യാവകാശ ധ്വംസനം നടക്കുന്നു, അവര്‍ക്ക് ഫുട്‌ബോള്‍ പരിചയമില്ല, അടിസ്ഥാന സൗകര്യങ്ങള്‍ പോരാ എന്നൊക്കെ ജര്‍മനിയിലെ മന്ത്രി മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് വരെ ആക്ഷേപിക്കുകയുണ്ടായി. പണം കൊടുത്ത് വാങ്ങിയതാണ് അവസരം എന്നത് മറ്റു ചിലരുടെ ആക്ഷേപം. ഇതെല്ലാം വകഞ്ഞു മാറ്റിയാണ് തമീം അല്‍താനിയും നാടും ഈ അവസരം സ്വന്തമാക്കിയത്. അതിനാല്‍ നിരൂപണ ഭാവത്തിലുള്ള ശ്രദ്ധ ഖത്തര്‍ ലോകകപ്പിന്റെ ലാസ്റ്റ് വിസില്‍ വരെ ഉണ്ടാകും എന്നുറപ്പാണ്. ഈ ശ്രദ്ധയെ ഇസ്‌ലാമിനു കൂടി വേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് ത്വാഹാ ആമിര്‍ പറയുന്നത്. അല്ലെങ്കിലും ഇതൊക്കെ തന്നെയാണല്ലോ ഇതുകൊണ്ടുള്ള ഫലവും. ബില്യണ്‍ കണക്കില്‍ ഡോളര്‍ ചെലവഴിച്ച് ലോകകപ്പ് നടത്തിയിട്ട് ഖത്തറിന് നേരിട്ട് സാമ്പത്തിക നേട്ടമൊന്നും കാര്യമായി ഇല്ല. മത്സരത്തിന്റെ പണം ഫിഫയുടെ പെട്ടിയിലാണ് വീഴുക. പിന്നെ, സൈഡ് കച്ചവടം, ടൂറിസം, ഗുഡ് വില്‍ ഇവ മൂന്നും വഴിയാണ് ലാഭം വന്നു ചേരുക. അതെത്രയോ ഇരട്ടി ആയിരിക്കുമെന്നത് ശരി തന്നെയാണ്. ആ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് തങ്ങളുടെ രാജ്യം, പൈതൃകം, സംസ്‌കാരം, മതം തുടങ്ങിയവയുടെ പ്രമോഷന്‍. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ചെറുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണെങ്കിലും തങ്ങളുടെ ഇസ്‌ലാമിക പാരമ്പര്യത്തിലും അത് ആവിഷ്‌കരിച്ച അറബ് പാരമ്പര്യത്തിലും അഭിമാനിക്കുകയും തുറന്ന്പറയുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍.

അയര്‍ലന്റിലെ യൂറോപ്യന്‍ യൂണിയന്‍ ഫത്‌വാ ആന്റ് റിസര്‍ച്ച് ബോര്‍ഡിന്റെ സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ ഹലാവ പറയുന്നതും ഇതുതന്നെയാണ്. മത്സരത്തിന് വരുന്ന ആളുകള്‍ ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും അറബ് ഇസ്‌ലാമിക രാജ്യത്ത് വരുന്നത്. അവര്‍ക്ക് ഇസ്‌ലാമിക സംസ്‌കാരത്തെ പരിചയപ്പെടുത്താന്‍ ഇതൊരു നല്ല അവസരമാണ്. അതിന് സൃഷ്ടിക്കേണ്ടത് നമ്മുടെ സംസ്‌കാരം അവര്‍ക്ക് അനുഭവപ്പെടാനുള്ള സാഹചര്യമാണ്. കച്ചവടങ്ങള്‍ക്കായി വന്നവരും പോയവരും വഴി ഇസ്‌ലാമിക സംസ്‌കാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം ഒപ്പം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. സ്‌പെയിനിലെ അസ്ഹര്‍ പണ്ഡിതരുടെ കൂട്ടായ്മയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, അമേരിക്കയിലെ രാഷ്ട്രമീമാംസയിലെ അധ്യാപകന്‍ ഡോ. അബ്ദുല്‍ മവുജൂദ് ദര്‍ദ്ദീരി, തുര്‍ക്കിയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. യൂസുഫ് കാതിബ് ഓഗ് ലോ, ട്രിപോളിയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഇസ്വാമുസ്സുബൈര്‍ തുടങ്ങി നിരവധി പേര്‍ ഇതേ കാഴ്ചപ്പാടുകാരാണ്. ഈ അഭിപ്രായങ്ങള്‍ എല്ലാം തികച്ചും വിശുദ്ധവും നിഷ്‌കളങ്കരുമാണ്. ഇവരെല്ലാം പറയുന്നതിന്റെ സ്വരവും ധ്വനിയും കളി വെറും കളിയാകരുത് എന്നും അതില്‍ സാംസ്‌കാരികതയുടെ നീക്കിവെപ്പും കൈമാറ്റവുംകൂടി ഉണ്ടായിരിക്കണമെന്നുമാണ്. അത് തെറ്റായ അര്‍ഥത്തിലേക്കും ലക്ഷ്യത്തിലേക്കും നീങ്ങുന്നതിനെ ഇവരാരും പിന്തുണക്കുന്നില്ല.

അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത് അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ ശൈലി തന്നെയാണ്. നബി (സ) അങ്ങനെ ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. പരിശുദ്ധ മക്കയില്‍ തീര്‍ഥാടനത്തിനും വ്യാപാരത്തിനുമായി എത്തുന്ന വിദേശികള്‍ക്കിടയിലൂടെ ചുറ്റി നടക്കുന്നതും അവര്‍ക്ക് തന്റെ ദൗത്യത്തെ കുറിച്ച് വിവരം നല്‍കുന്നതും നബി (സ) തിരുമേനിയുടെ പതിവായിരുന്നു. അതിലൂടെ ഇസ്‌ലാം ധാരാളം മനസ്സുകളില്‍ എത്തി എന്നത് അനുഭവമാണ്. എന്നല്ല, ഇത് തദ്ദേശീയരായ എതിരാളികളെ തെല്ല് ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ത്വുഫൈല്‍ ബിന്‍ അംറ് അദ്ദൗസീ, ളിമാദ് അല്‍ അസ്ദീ തുടങ്ങിയവരൊക്കെ ഈ അനുഭവത്തില്‍ ഇസ്‌ലാമില്‍ എത്തിയവരാണ്. തന്നെയുമല്ല, തന്റെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും ഗതി തിരിച്ചുവിട്ട മദീനാ ഹിജ്‌റയിലേക്ക് നബി എത്തിച്ചേരുന്നത് അങ്ങനെയാണല്ലോ. മിനാ താഴ്‌വാരത്തു കൂടി ഇതേ ദൗത്യവുമായി ചുറ്റി നടക്കുന്നതിനിടെയായിരുന്നു യത്‌രിബുകാരായ തീര്‍ഥാടകരെ കണ്ടുമുട്ടിയും അവരുമായുള്ള ബന്ധം തുടങ്ങിയതും. ഈ പറഞ്ഞതെല്ലാം ഖത്തര്‍ നേരത്തെ ഉള്‍ക്കൊണ്ടതു തന്നെയായിരുന്നു എന്നാണ് അനുഭവങ്ങള്‍ പറയുന്നത്. ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഖത്തറിന്റെ ഓരോ അലങ്കാരത്തിലും അറേബ്യന്‍ ഇസ്‌ലാമിക് ടച്ചുണ്ട്. പള്ളികളിലെ ബാങ്കുവിളിയും ഇമാമിന്റെ ഓത്തും വരെ ആകര്‍ഷകമാകാന്‍ വേണ്ട നടപടി അവര്‍ സ്വീകരിച്ചു. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും ലോകകപ്പിന്റെ പേരില്‍ മാറ്റാന്‍ അനുവദിക്കില്ലെന്നു തുറന്നുപറഞ്ഞു ഖത്തര്‍ ഭരണകൂടം.

Continue Reading

Trending