kerala
കുടി ടെക്; ഐ.ടി മേഖലയില്‍ കൂടുതല്‍ മദ്യശാലകള്‍
മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ എല്‍.ഡി.എഫ്, മദ്യലഭ്യത വര്‍ധിപ്പിക്കാനാണ് 2022-23ലെ മദ്യനയത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
മരച്ചീനിയില്‍ നിന്ന് മദ്യമുണ്ടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനു പിന്നാലെ ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്കായി മദ്യശാലകള്‍ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശത്തിന് സി.പി.എം അംഗീകാരം നല്കി. മദ്യനയത്തില്‍ സി.പി.എം നിര്‍ദേശിച്ച ഭേദഗതികള്‍ എക്സൈസ് വകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. മന്ത്രിസഭ തീരുമാനിക്കുന്ന ഭേദഗതികളോടെയാണ് പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നത്. ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് മുക്കിലും മൂലയിലും സുലഭമായി മദ്യമൊഴുക്കാനാണ് സര്‍ക്കാര്‍ നീക്കം.
കേരളത്തിലെ ഐ.ടി ഹബ്ബുകള്‍ കുടിയന്മാരുടെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനമുണ്ടാകുന്നതോടെ തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ നൂറുകണക്കിന് മദ്യശാലകളാകും പുതുതായി തുറക്കുന്നത്. മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ എല്‍.ഡി.എഫ്, മദ്യലഭ്യത വര്‍ധിപ്പിക്കാനാണ് 2022-23ലെ മദ്യനയത്തിലൂടെ ലക്ഷ്യംവെക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔട്ട്ലറ്റുകള് സ്ഥാപിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയില്‍ കൂടി ബാറുകള്‍ അനുവദിക്കുമെന്നും സൂചനയുണ്ട്. നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുനല്‍കിയ സര്‍ക്കാര്‍, നിലവില്‍ തന്നെ കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനിടെ ‘മരച്ചീനി മദ്യ’ത്തിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ എക്സൈസ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. മരച്ചീനിയില്‍ നിന്നും മദ്യം ഉല്പാദിപ്പിക്കാനുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മരച്ചീനിയില്‍ നിന്നും മദ്യം ഉല്പാദിപ്പിക്കാന് പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ധാന്യങ്ങളല്ലാത്ത പഴവര്‍ഗം, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മിക്കണമെന്നാണ് പൊതുവേ കാണുന്നത്. അതില്‍ വൈനും വീര്യം കുറഞ്ഞ മദ്യവുമുള്പെടെ എല്ലാം പരിശോധിക്കാവുന്നതാണ്. ഇതിന് പ്രത്യേക നിയമഭേദഗതി ആവശ്യമില്ല. 29 ശതമാനത്തില്‍ കുറഞ്ഞ വീര്യമുള്ള മദ്യം ഉല്പാദിപ്പിക്കുന്നത് സാധാരണ സംവിധാനത്തിന്റെ ഭാഗമായി ചെയ്യാവുന്നതാണ്. ബജറ്റില്‍ പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മരച്ചീനിയില്‍ നിന്ന് മദ്യം ഉല്പാദിപ്പിക്കാന് ബജറ്റില്‍ രണ്ടുകോടിയാണ് വകയിരുത്തിയത്. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്നും എഥനോളും മറ്റ് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും ഉല്‍പാദിപ്പിക്കാനായുള്ള പദ്ധതിക്കായാണ് രണ്ട് കോടി രൂപ മാറ്റിവെച്ചത്.
പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ പലതരത്തിലുള്ള മദ്യത്തിന്റെ ഉല്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാന്‍ 175 പുതിയ മദ്യശാലകള്‍ ആരംഭിക്കണമെന്ന ബിവറേജസ് കോര്‍പറേഷന്റെ നിര്‍ദേശം ഭേദഗതികളോടെ അംഗീകരിക്കുകയും ചെയ്തു. സ്ഥല സൗകര്യമുള്ള ഇടങ്ങളില്‍ പുതിയ ഷോപ്പുകള്‍ ആരംഭിക്കും. ബാര്‍, ക്ലബ് ലൈസന്‍സ് ഫീസ് അടക്കമുള്ള ഫീസുകള്‍ ചെറിയ രീതിയില്‍ വര്‍ധിക്കും. കള്ളുചെത്തി ശേഖരിക്കുന്നതു മുതല്‍ ഷാപ്പുകളിലെ വില്പന ഘട്ടം വരെ നിരീക്ഷിക്കാന്‍ ‘ട്രാക്ക് ആന്‍ഡ് ട്രെയ്സ്’ സംവിധാനം നടപ്പിലാക്കാനും തീരുമാനമായി.
kerala
228 കോടി ബാങ്ക് തട്ടിപ്പ് കേസ്: അനില്‍ അംബാനിയുടെ മകന് ജയ് ആന്മോള് അംബാനിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്
ആര്‍എച്ച്എഫ്എല്‍ വാങ്ങിയ വായ്പ തിരിച്ചടക്കാതെ 228 കോടി രൂപ കിട്ടാക്കടമായി മാറിയെന്നാണ് ബാങ്കിന്റെ പരാതി.
ന്യൂഡല്‍ഹി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വ്യവസായി അനില്‍ അംബാനിയുടെ മകന് ജയ് ആന്മോള് അംബാനിയുടെ വീട്ടിലും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ (ആര്‍എച്ച്എഫ്എല്‍)ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി.
യൂണിയന് ബാങ്ക് (മുന്‍പ് ആന്ധ്ര ബാങ്ക്) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആര്‍എച്ച്എഫ്എല്‍ വാങ്ങിയ വായ്പ തിരിച്ചടക്കാതെ 228 കോടി രൂപ കിട്ടാക്കടമായി മാറിയെന്നാണ് ബാങ്കിന്റെ പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ ജയ് അംബാനി, ആര്‍എച്ച്എഫ്എല്‍, കമ്പനിയുടെ മുന്‍ സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ രവീന്ദ്ര ശരദ് സുധാകര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറന്റ് അടിസ്ഥാനമാക്കി സിബിഐ മുബൈയിലുള്ള റിലയന്‍സ് ഹോം ഫിനാന്‍സിന്റെ രണ്ട് ഔദ്യോഗിക കെട്ടിടങ്ങളും, ജയ് അംബാനിയുടെ വസതിയും, മുന്‍ സിഇഒ രവീന്ദ്ര സുധാകറിന്റെ വീടും പരിശോധിച്ചു.
അന്വേഷണത്തിനിടെ അനില്‍ അംബാനിയുടെ കഫേ പാരേഡിലെ സീ വിന്‍ഡ് അപ്പാര്‍ട്ട്മെന്റിന്റെ ഏഴാം നിലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി പ്രധാന രേഖകളും ഡിജിറ്റല്‍ ഡാറ്റയും സിബിഐ കയ്യിലെടുത്തു. (ആര്‍എച്ച്എഫ്എല്‍) 18 ബാങ്കുകള്‍, കമ്പനികള്‍, ബാങ്കിങേതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ആകെ 5572.35 കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട്.
വായ്പ ദുരുപയോഗം ചെയ്തതായും അക്കൗണ്ടുകളില്‍ വ്യത്യാസങ്ങള്‍ കാണപ്പെട്ടതായും പ്രാഥമിക പരിശോധനയില്‍ സൂചനകള്‍ ലഭിച്ചിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.
kerala
രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലും ഇന്നലെ തന്നെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചരണം നടക്കും.
kerala
‘ഞങ്ങളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു’; മനസ് നിറഞ്ഞ് വോട്ട് ചെയ്ത് അന്തേവാസികള്‍
വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.
എസ്. സുധീഷ്കുമാര്‍
കൊച്ചി: ഇടുക്കികാരി ഏലികുട്ടിയും കോട്ടയത്തുകാരന് ജോസും തിരുവനന്തപുരത്തുകാരി മറിയാമ്മയും തൃശൂരില്‍ നിന്നുള്ള സിസിയും വോട്ട് ചെയ്തത് ഒരു ബൂത്തില്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജ് ബൂത്തിലെത്തിയപ്പോള്‍ ഇവര്‍ മനസിലെ നോമ്പരങ്ങള്‍ മറന്നു. അലങ്കരിച്ച ബൂത്തും തിരക്കും കണ്ടപ്പോള്‍ മനസില്‍ ആവേശം അലതല്ലി. സ്വന്തം നാടും തെരഞ്ഞെടുപ്പും മനസിലേക്കോടിയെത്തി. ഓര്‍മകളില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോള്‍ എല്ലാവരുടെയും മനസ് ഒന്നിടറി, എങ്കിലും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെ കൈപിടിച്ച് ബൂത്തിലേക്ക്. വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.
80 അന്തേവാസികളാണ് ഹൗസ് ഓഫ് പ്രൊവിഡന്‍സിലുള്ളത്. കുടുംബത്തിലെ വിഷമതകളെ തുടര്‍ന്നാണ് വിവിധ നാടുകളില്‍ നിന്നായി പലരും പല വര്‍ഷങ്ങളിലായി പ്രൊവിഡന്‍സില്‍ എത്തിയത്. 1937ല്‍ ആരംഭിച്ച പ്രൊവിഡന്‍സില്‍ എത്തിച്ചേരുന്നവരെയെല്ലാം സ്ഥാപനം ഉള്‍പ്പെടുന്ന കോര്പ്പറേഷന് ഡിവിഷന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ കോട്ടയത്തു നിന്നെത്തിയവരും തൃശൂരില്‍ നിന്നെത്തിയവരും മലബാറില്‍ നിന്നെത്തിയവരും കൊച്ചി കോര്‍പ്പറേഷനിലെ വോട്ടര്‍മാരായി. സ്റ്റാഫുകളും അന്തേവാസികളും അടക്കം നൂറിന് അടുത്ത് വോട്ട് പ്രൊവിഡന്‍സ് ഹോമിലുണ്ട്. എന്നാല്‍, 48 അന്തേവാസികള്‍ മാത്രമാണ് ഇന്നലെ വോട്ട് ചെയ്തത്. ബാക്കിയുള്ളവരില്‍ പലരെയും ശാരീരിക അവശതകള്‍ തളര്‍ത്തി കളഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ തങ്ങളെ കാണാനെത്തിയിരുന്നതായി കോട്ടയം സ്വദേശിയായ ജോസ് പറഞ്ഞു. ‘വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിനാലാണ് അവശതകള്‍ ഉണ്ടെങ്കിലും പോളിങ് സ്റ്റേഷനിലെത്തിയത്’-ജോസ് പറഞ്ഞു.
വോട്ടിനാണെങ്കിലും പുറത്തേക്കിറങ്ങാനായതിന്റെ സന്തോഷം ഏലിക്കുട്ടിയുടെയും സിസിലിയുടെയും മുഖത്തു കാണാമായിരുന്നു. ആളുകളെ കണ്ടതോടെ പലരുടെയും മുഖം വിടര്‍ന്നു. രാവിലെ 10 മണിയോടെ മദര്‍ സുപ്പീരിയര്‍ മേരി പോളിന്റെയും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെയും കൈപിടിച്ച് ഓരോരുത്തരായി പോളിങ് സ്റ്റേഷനിലേക്കെത്തി. പലര്‍ക്കും അവശതയുണ്ടായിരുന്നു. ചിലര്‍ ക്യൂവില്‍ നിന്നു. ചിലരാവട്ടെ പോളിങ് സ്റ്റേഷനില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്നു. ഓരോരുത്തരുടെയും സമയമെത്തിയപ്പോള്‍ കൃത്യതയോടെ ഒപ്പിട്ടും വിരല്‍ പതിപ്പിച്ചും വോട്ട് ചെയ്തു. മുന്‍പും ഇലക്ട്രോണിക് മെഷീനില്‍ വോട്ട് ചെയ്തിരുന്നതിനാല്‍ ആര്‍ക്കും ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവര്‍ 12 മണിയോടെ വോട്ട് ചെയ്തു മടങ്ങിയത്. ഇവര്‍ക്കൊപ്പം മദര്‍സുപ്പീരിയര്‍ മേരി പോളും സിസ്റ്റര്‍ ജെബിയും വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് അന്തേവാസികളെയെല്ലാം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുമെന്നും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞു.
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങുന്ന ഹൗസ് ഓഫ് പ്രൊവിഡന്‍സ് അന്തേവാസികളായ 89കാരി കൊച്ചുത്രേസ്യ ജോര്‍ജും,ഏലിക്കുട്ടിയും, ത്രേസി ചിക്കുവും.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala18 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala12 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india18 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala13 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

