കൊച്ചി: ലക്ഷദ്വീപില്‍ ആര്‍ക്കും പട്ടിണിയില്ലെന്നും ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ടതില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഹൈക്കോടതിയില്‍. ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താല്‍പര്യഹര്‍ജിയിലാണ് കലക്ടര്‍ മറുപടി നല്‍കിയത്. ദ്വീപില്‍ ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ദിവസവും മൂന്നു മണിക്കൂര്‍ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല. മല്‍സ്യബന്ധനമടക്കമുളള തൊഴിലുകള്‍ക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ അഡ്മിനിസ്‌ട്രേഷന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.