പറ്റ്‌ന: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം. എസ്.പി, ബി.എസ്.പി, തൃണമൂല്‍, കോണ്‍ഗ്രസ്, ആപ് എന്നീ പാര്‍ട്ടികളെല്ലാം അണിനിരക്കുന്ന വിശാല സഖ്യമാണ് 2019നായി ലാലു മുന്നോട്ടു വെക്കുന്നത്. പ്രതിപക്ഷ സഖ്യത്തെ രാഹുലിന് പകരം പ്രിയങ്ക നയിക്കണമെന്ന നിര്‍ദേശമാണിതില്‍ പ്രധാനം. ബിഹാറില്‍ താനും നിതീഷും ഒരുമിച്ചതു പോലെ മായവതിയും അഖിലേഷും ഒരുമിക്കുമെന്ന് തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശാല സഖ്യം യാഥാര്‍ത്ഥ്യമാവുന്ന ദിവസം ബി.ജെ.പിയുടെ അവസാനമായിരിക്കുമെന്നും ലാലു പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ലാലുവിന്റെ വാക്കുകളെ പ്രവര്‍ത്തകര്‍ എതിരേറ്റത്.