തിരുവനന്തപുരം: കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിലപാടെടുത്തതോടെ സമരത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ലക്ഷ്മി നായരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ ഭേദമന്യേ സമരം നടത്തുന്നത്. ചര്‍ച്ച അലസിയതോടെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കി.

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും സമര രംഗത്തുണ്ടെങ്കിലും സര്‍ക്കാര്‍ തുടക്കത്തില്‍ സമരത്തെ അവഗണിച്ചിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ തയാറായ വിദ്യാഭ്യാസ മന്ത്രി തുടക്കം മുതല്‍ തന്നെ ലക്ഷ്മി നായര്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആദ്യം എ.ബി.വി.പിയും തുടര്‍ന്ന് എസ്.എഫ്.ഐയും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ലക്ഷ്മി നായരുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രി കൂട്ടാക്കാതിരുന്നതോടെ എം.എസ്.എഫ്, കെ.എസ്.യു, എ.ഐ.എസ്.എഫ് സംഘടനകളും ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.

വിദ്യാര്‍ത്ഥി പീഡനവും മോശം പെരുമാറ്റവും സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്ത ആരോപണവും നിലവിലുണ്ടെങ്കിലും ലക്ഷ്മി നായര്‍ക്കെതിരെ ഇപ്പോള്‍ നടപടിയെടുക്കാന്‍ തെളിവില്ലെന്ന് സി. രവീന്ദ്രനാഥ് നിലപാടെടുത്തത് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചു. വിശദമായ അന്വേഷണത്തിന് താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ രാജിക്കാര്യം പരിഗണിക്കാനാവൂ എന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

നേരത്തെ, സമരക്കാരെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയില്‍ നേരിടുന്ന ദുരിതങ്ങള്‍ വിദ്യാര്‍ത്തികള്‍ വി.എസ്സിനു മുമ്പാകെ വിവരിക്കുകയും ചെയ്തു.