ചെന്നൈ: ചെന്നൈയിലെ പുരസവാക്കത്തില്‍ 12 വയസുകാരിയെ ഏഴ് മാസത്തിലേറെ പീഡിപ്പിച്ച പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ മര്‍ദിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷകര്‍ ഇവരെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പ്രതികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും പ്ലംബര്‍മാരും ഉള്‍പ്പെടെ 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇവര്‍ ഏഴ് മാസത്തിലേറെ പീഡിപ്പിച്ചതായാണ് പരാതി.

കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കൊടുത്തും മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചും ബോധം കെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തന്നെ ചിലര്‍ ലൈംഗീകമായി പീഡിപ്പിക്കുന്ന കാര്യം കുട്ടി സഹോദരിയോട് പറയുകയും തുടര്‍ന്ന് അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.