പാലക്കാട്: സംസ്ഥാന വനം, റവന്യൂ മന്ത്രിമാരെ വിമര്‍ശിച്ച് പട്ടികജാതി പട്ടികവര്‍ഗവികസന മന്ത്രി എ.കെ ബാലന്‍ രംഗത്ത്. നിലവിലെ വനം മന്ത്രി കെ.രാജുവും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ ഈ വകുപ്പുകള്‍ ഭരിച്ച ബിനോയ് വിശ്വത്തെയും കെ.പി രാജേന്ദ്രനെയും മാതൃകയാക്കണമെന്നായിരുന്നു ബാലന്റെ നിര്‍ദേശം. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീ-മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സംസ്ഥാന കലോത്സവമായ സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ak-bn

വനം, റവന്യൂ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ആദിവാസികളോടും ഇതര പിന്നോക്ക വിഭാഗക്കാരോടും തമ്പുരാന്‍ മനോഭാവമാണ് ഉള്ളത്. മറ്റു ചിലര്‍ ഇവരെ മാവോവാദികളാക്കാന്‍ ശ്രമം നടത്തുന്നു. ഇത്തരക്കാര്‍ക്കു പാവപ്പെട്ടവരെ കാണുമ്പോള്‍ ഗ്രഹണി പിടിച്ചവരുടെ മനോനിലയും പുച്ഛവുമാണെന്നും മന്ത്രി തുറന്നടിച്ചു.

വിവിധ ആദിവാസി ഭൂസമരങ്ങളിലെ ഉദ്യോഗസ്ഥരുടെ നിലപാടുകളെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം.